കബനീനദി ചുവന്നിട്ട് 46 വര്‍ഷം.
ചുവപ്പിനോടുള്ള ആര്‍ത്തി ഒരിക്കലും അവസാനിക്കുമെന്ന് തോന്നുന്നില്ല.

ചുവപ്പിന്റെ സന്ദേശങ്ങള്‍ ലോകവ്യാപകമായി അന്നും ഇന്നും യുവത്വത്തെ സ്വാധീനിക്കുന്നുണ്ടെന്ന് സമീപകാല സംഭവങ്ങളും തെളിയിക്കുന്നു.
1976 ല്‍ അടിയന്തരാവസ്ഥ കൊടുമ്പിരികൊണ്ടു നിന്ന കാലത്ത് ഒരു ജൂലായ്-16 നാണ് പി.എ.ബക്കര്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോള്‍ റിലീസ് ചെയ്തത്.
പിന്നീട് സംവിധായകനായ പവിത്രനാണ് നിര്‍മ്മാതാവ്.
തളിപ്പറമ്പ് അലങ്കാര്‍ ടാക്കീസില്‍ വെച്ച് വളരെ ശുഷ്ക്കിച്ച പ്രേക്ഷകരോടൊപ്പം ഈ സിനിമ കണ്ടത് ഇപ്പോഴും മനസിലുണ്ട്.
സംവിധായന് ടി.വി.ചന്ദ്രനാണ് പോലീസ് ആസൂത്രിതമായി കൊലപ്പെടുത്തുന്ന തീവ്രകമ്യൂണിസ്റ്റ് പ്രവര്‍ത്തകനായി അഭിനയിച്ചത്.
ഭാരതി വിഷ്ണുവര്‍ദ്ധനാണ് കാമുകിയായി അഭിനയിച്ചത്.
ഇവരെ പോലീസ് ചോദ്യം ചെയ്യുന്ന ഒരു രംഗം ഇപ്പോഴും മനസിലുണ്ട്.
ബൂട്സിട്ട കാലുകള്‍ ചലിപ്പിക്കുന്ന പോലീസുകാരന്റെ സീനുകളും മുഖഭാവം മാറിവരുന്ന സ്ത്രീയുടെ ക്ലോസപ്പുകളും ചേര്‍ത്തുവെച്ച രംഗം.
വിപിന്‍ദാസ് മനോഹരമായി ക്യമറയില്‍ പകര്‍ത്തിയ ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ആ രംഗം സിനിമയുടെ ഹൈലൈറ്റാണ്.
46 വര്‍ഷത്തിന് ശേഷവും കമ്യൂണിസ്റ്റുകാരെന്ന് പറയുന്നവര്‍ ഭരിക്കുന്ന കേരളത്തില്‍ തന്നെ എട്ട് പേരെയാണ് ഏറ്റുമുട്ടല്‍ കൊലകളിലൂടെ ഇല്ലാതാക്കിയത്.
2016 നവംബര്‍-16 ന് മലപ്പുറം നിലമ്പൂരില്‍ കുപ്പു ദേവരാജ്, അജിത എന്ന കാവേരി,
2019 മാര്‍ച്ച് 6 ന് വയനാട്ടിലെ ലക്കിടിയില്‍ സി.പി.ജലീല്‍,
1019 ഒക്ടോബര്‍ 28 ന് വയനാട്ടില്‍ വെച്ചുതന്നെ ശ്രീമതി, സുരേഷ്, കാര്‍ത്തി, മണിവാസം,
2020 നവംബര്‍ 3 ന് വയനാട്ടില്‍ തന്നെ വേല്മുരുകന്.
കബനീനദി പിന്നെയും ചുവന്നുകൊണ്ടിരിക്കുന്നു, ഇനിയും ചുവക്കും.
സാഗാ മൂവീസ് എന്ന ബാനറിലാണ് പവിത്രന് സിനിമ നിര്‍മ്മിച്ചത്.ഗരുഡാ ഫിലിംസായിരുന്നു വിതരണക്കാര്‍.
ചിത്ര സംയോജനം കല്യാണസുന്ദരം, പോസ്റ്റര്‍ ഡിസൈന്‍ ആര്.കെ.(രാധാകൃഷ്ണന്).
ഗാനങ്ങളില്ലാത്ത സിനിമയുടെ പാശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചത് ദേവരാജനാണ്.
ടി.വി.ചന്ദ്രനോടൊപ്പം സലാം കാരശ്ശേരി, പൈലുണ്ണി, ജെ.സിദ്ദിക്ക്, രവീന്ദ്രന്, ശാലിനി, ലൈല, ഡോണ്‍, ഭാരതി വിഷ്ണുവര്ദ്ധന് എന്നിവരും അഭിനയിച്ചു.
കടുത്ത സെന്‍സര്‍ഷിപ്പും പോലീസ് വേട്ടയും നിലനിന്നിരുന്ന അടിയന്തരാവസ്ഥ കാലത്ത് തന്നെയാണ് കബനീനദി ചുവന്നപ്പോള്‍ ബക്കര്ചിത്രീകരിച്ചത്.
പ്രദര്‍ശനത്തിന് എത്തിയശേഷമാണ് സിനിമ നക്സലിസത്തെ പ്രോല്‍സാഹിപ്പിക്കുന്നതെന്ന് വിമര്‍ശനമുണ്ടായത്.
പോലീസ് സിനിമയുടെ പ്രിന്റുകള്‍ തിയേറ്ററുകളില്‍ നിന്ന് പിടിച്ചെടുത്തു.
പല സീനുകളും വെട്ടിമാറ്റിയാണ് പിന്നീട് സിനിമ പ്രദര്‍ശനത്തിന് വന്നത്.
പുതു തലമുറ സംവിധായകരെ ഏറെ പ്രചോദിപ്പിച്ച ഒരു ചിത്രമാണ് കബനീനദി ചുവന്നപ്പോള്‍.
ഈ ചിത്രത്തിലൂടെ മലയാളത്തില്‍ പുത്തന്‍ രാഷ്ട്രീയ സിനിമയ്ക്കു നാന്ദി കുറിച്ചു. (മുറിച്ചുമാറ്റപ്പെട്ട രൂപത്തിലുള്ള കബനീനദി ഇപ്പോല്‍ യൂട്യൂബില്‍ ലഭ്യമാണ്).
ഇന്നും ചുവപ്പിനോടുള്ള ആവേശം അടിവരയിടുന്നതാണ് ഈ സിനിമ.
1976ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് ‘കബനീനദി ചുവന്നപ്പോള്‍’ കരസ്ഥമാക്കി. ഏറ്റവും നല്ല സംവിധായകനുള്ള അവാര്‍ഡ് പി എ ബക്കറിനും ലഭിച്ചു. കെ കരുണാകരനായിരുന്നു അന്നത്തെ സാംസ്കാരിക മന്ത്രി, അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ട് ഒരു നക്സലൈറ്റ് സിനിമക്ക് അവാര്‍ഡ് കൊടുത്തു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്. ”ഒരുവന് നക്സലൈറ്റായാല്‍ അവനെ വെടിവെച്ചുകൊല്ലും എന്നൊരു ഗുണപാഠം ഈചിത്രത്തിനുണ്ട്.” എന്നായിരുന്നു കരുണാകരന്റെ മറുപടി.
