കൈതപ്രം പൈതൃകഗ്രാമക്കാഴ്ച്ച ഉദ്ഘാടനം-27 ന്-പുതിയ സംസ്‌ക്കാരത്തിന്റെ ഉദയം.
പിലാത്തറ: നാല്‍പ്പതോളം പ്രമുഖ ഇല്ലങ്ങള്‍, ഇരുപത് കുളങ്ങള്‍-ഗ്രാമത്തെ വലംവെച്ചൊഴുകുന്ന വണ്ണാത്തിപ്പുഴ, പൗരാണികമായ ക്ഷേത്രങ്ങള്‍–ഇപ്പോള്‍ ഒരു നൂറ്റാണ്ടിന് ശേഷം സോമയാഗഭൂമി.
കൈതപ്രം പൈതൃകഗ്രാമത്തിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല, മറിച്ച് ആരംഭിക്കുന്നതേയുള്ളൂ.
ഗ്രാമക്കാഴ്ച്ചകള്‍ ആസ്വദിക്കാനായി കൈതപ്രം പൈതൃക ഗ്രാമകാഴ്ച്ച എന്ന പരിപാടിക്ക് മെയ് 27 ന് തുടക്കമാവും.
രാവിലെ ഒന്‍പതിന് പെരുഞ്ചെല്ലൂര്‍ സംഗീതസഭാ സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ശങ്കരന്‍ കൈതപ്രം അധ്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്തംഗം എന്‍.കെ.സുജിത്ത്, ഡോ.ടി.പി.ആര്‍.മണിവര്‍ണ്ണന്‍, ഒ.കെ.നാരായണന്‍ നമ്പൂതിരി, ജയരാജ് മാതമംഗലം എന്നിവര്‍ പ്രസംഗിക്കും.
ശ്രീധര്‍ജി സ്വാഗതവും കരിമ്പം.കെ.പി.രാജീവന്‍ നന്ദിയും പറയും.
കൈതപ്രം പൈതൃക ഗ്രാമക്കാഴ്ച്ച ഒരു ദീര്‍ഘകാല പദ്ധതിയാണ്. ഗ്രാമത്തിന്റെ പൈതൃകവും പാരമ്പര്യവും സംസ്‌കാരവും അതിന്റെ തനിമയോടെ നിലനിര്‍ത്തി കൈതപ്രത്തെ ഒരു മാതൃകാ ഗ്രാമമാക്കി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ നടത്തുന്ന ചെറിയൊരു ചുവടുവെപ്പാണിത്.
നാടിന്റെ ഗ്രാമീണ ഭംഗിയും മഹത്തായ സാംസ്‌കാരിക പാരമ്പര്യവും നേരിട്ടനുഭവിച്ചറിയാന്‍ ലോകം കാത്തുനില്‍ക്കുകയാണ്.
കൈതപ്രത്തിന്റെ ആതിഥ്യ മര്യാദയുടെ മാധുര്യം സോമയാഗ സമയത്ത് ലോകം മനസ്സിലാക്കി.
നാടിനെ കൂടുതലറിയാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
ക്ഷേത്രങ്ങളും നാലുകെട്ടുകളും നടുമുറ്റങ്ങളും മനോഹരങ്ങളായ കുളങ്ങളും അവരെ വിസ്മയിപ്പിക്കും.
അതിഥി ദേവോ ഭവ എന്ന ആപ്തവാക്യവുമായി അവരെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങുകയാണ്.
നാടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കൈതപ്രത്തിന്റെ സംസ്‌കാരത്തിലൂന്നിയ ചടങ്ങുകളും പരിപാടികളും കൂടുതല്‍ വിപുലമാക്കനും കഴിയും.
ലോകത്തിന് മുന്നില്‍ കൂടുതല്‍ ആദ്ധ്യാത്മിക, സാംസ്‌കാരിക പൈതൃക കാഴ്ച്ചകളും അനുഭവങ്ങളുമൊരുക്കി ലോകത്തെ വരവേല്‍ക്കന്‍ കൈതപ്രം ഗ്രാമം ഒരുങ്ങുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
