ചിതലെടുത്ത വീട്ടില്‍ നിന്ന് വീണ്ടും സംഗീതമുതിരും–കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: സംഗീതമുതിര്‍ന്ന വീട് സംരക്ഷിക്കും, പുനര്‍നിര്‍മ്മാണ ജോലികള്‍ക്ക് ഇന്ന് രാവിലെ തുടക്കംകുറിക്കും.

കൈതപ്രം സഹോദരങ്ങളുടെ ജന്‍മഗൃഹം തകര്‍ച്ചയെ നേരിടുന്ന വിവരം ഞങ്ങള്‍ ജനുവരി 18 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കൈതപ്രം കണ്ണാടി ഇല്ലത്തെ അവകാശികളുടെ കൂട്ടായ്മ മുന്‍കൈയെടുത്താണ് ഈ നാലുകെട്ടിനെ തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാന്‍ തീരുമാനമെടുത്തത്.

കോഴിക്കോട് നിന്നുള്ള നവീകരണ പ്രവര്‍ത്തിക്കാര്‍ ഇന്നലെ തന്നെ കൈതപ്രത്ത് എത്തിയിട്ടുണ്ട്.

ഇവര്‍ക്ക് താമസിച്ച് ജോലിപൂര്‍ത്തിയാക്കാനായി വാടകയ്ക്ക് വീടും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

വിഷുവിന് മുമ്പായി നവീകരണ ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ നാലുകെട്ടിനകത്ത് നിത്യപൂജയും തേവാരവും ഉള്‍പ്പെടെയുള്ള നിത്യകര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുക.

200 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ നാലുകെട്ടില്‍ ഇരുപത്തിയഞ്ചോളം മുറികളുണ്ട്.

ഇരുപതോളം അവകാശികളുള്ള ഇല്ലം പുനരുദ്ധരിക്കാനുള്ള ആലോചനകള്‍ നടന്നുവരുന്നതിനിടയിലാണ് വാര്‍ത്ത പുറത്തുവന്നത്.

ഇതോടെ നവീകരണ ആലോചനകള്‍ക്ക് വേഗം കൂടുകയായിരുന്നു.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും പ്രശസ്ത കര്‍ണാടക സംഗീതജ്ഞനുമായ കണ്ണാടിയില്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും

മക്കളായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കൈതപ്രം വിശ്വനാഥന്‍ എന്നിവരുടെയും ജന്‍മം കൊണ്ട് പ്രസിദ്ധമായ കണ്ണാടിയില്ലം 2005 ലാണ് അടച്ചുപൂട്ടിയത്.

കഴിഞ്ഞ 17 വര്‍ഷമായി അളനക്കമില്ലാതായ ഇല്ലം പതുക്കെ ദ്രവിച്ച് ഒരു മഴക്കാലത്ത് നിലംപതിക്കുകയായിരുന്നു.

കൈതപ്രം എഴുതി പ്രശസ്തമാക്കിയ വണ്ണാത്തിപ്പുഴയുടെ തീരത്തെ ഈ നാലുകെട്ടിലേക്ക് കൈതപ്രം സിനിമയില്‍ സജീവമായിരിക്കെ നിരവധി പ്രഗല്‍ഭര്‍ എത്തിയിരുന്നു.

നെടുമുടി വേണു, കാവാലം, നരേന്ദ്രപ്രസാദ്, സംവിധായകന്‍ ജയരാജ് എന്നിവര്‍ ഇവിടെ താമസിക്കുകയും ചെയ്തിരുന്നു.

പൗരാണികമായ കുളവും ഇല്ലത്തുനിന്ന് വണ്ണാത്തിപ്പുഴയിലേക്ക് ഇറങ്ങാനുള്ള കല്‍പ്പടവുകളും ഇവിടെയുണ്ട്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും വിശ്വനാഥനും കോഴിക്കോടും സഹോദരന്‍ വാസുദേവന്‍ നമ്പൂതിരി എറണാകുളത്തേക്കും താമസം മാറ്റിയതോടെയാണ് നാലുകെട്ട് അന്യാധീനപ്പെട്ടത്.

കേരളത്തിലെ നാലുകെട്ടുകളുടെ ഗ്രാമമായ കൈതപ്രത്തെ പേരുകേട്ട ഒരു നാലുകെട്ട് പുതുക്കിനിര്‍മ്മിക്കാനുള്ള ശ്രമത്തെ ഏറെ സന്തോഷത്തോടെയാണ് ഈ നമ്പൂതിരിഗ്രാമം സ്വാഗതം ചെയ്യുന്നത്.