ദേവഭൂമിയിലെ സോമയാഗം അഗ്‌ന്യാധാനം ഇന്ന് രാത്രി സമാപിക്കും

കൈതപ്രം: 2023 ല്‍ കൈതപ്രം ഗ്രാമത്തില്‍ നടക്കുന്ന സോമയാഗത്തിന്റെ മുന്നോടിയായി നടക്കുന്ന അതിപ്രധാന ചടങ്ങായ അഗ്‌ന്യാധാനം മെയ് ആരംഭിച്ചു.

കൊമ്പംങ്കുളം ഇല്ലത്ത് നടക്കുന്ന ചടങ്ങിന് പ്രശസ്ത വേദ ശ്രൗത പണ്ഡിതനായ ബ്രഹ്മശ്രീ ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാടാണ് മുഖ്യ വൈദികന്‍.

ശ്രൗത കര്‍മ്മങ്ങളിലെ അവസാന വിധികര്‍ത്താവും പണ്ഡിതനുമായ പന്തല്‍ വൈദികന്‍ ബ്രഹ്മശ്രീ ദാമോദരന്‍ നമ്പൂതിരി, തൈക്കാട് വൈദികന്‍ ശങ്കര നാരായണന്‍ നമ്പൂതിരി,

നാറാസ് മന ഇട്ടിരവി നമ്പൂതിരി, സാമവേദ പണ്ഡിതരായ തോട്ടം ശിവകരന്‍ നമ്പൂതിരി തുടങ്ങി ഇരുപതോളം വേദ ശ്രൗത പണ്ഡിതന്മാരായ യജ്ഞാചാര്യന്‍മാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

രണ്ടു ദിവസത്തെ അഗ്‌ന്യാധാന ചടങ്ങുകള്‍ക്ക് ശേഷം എല്ലാ ദിവസവും രണ്ടുനേരം നിത്യാഗ്‌നിഹോത്രം, വാവു ദിവസങ്ങളില്‍ ദര്‍ശ പൂര്‍ണമാസേഷ്ടി എന്നിവ നടക്കും.

ഒരു വര്‍ഷം ഇങ്ങിനെ ആചരിച്ചതിന് ശേഷമാണ് പ്രധാന ചടങ്ങായ അഗ്‌നിഷ്ടോമസോമയാഗം നടക്കുക.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രദേശിക കേന്ദ്രം ഡയരക്ടര്‍ ഡോ. കൊമ്പങ്കുളം വിഷ്ണുനമ്പൂതിരിയും ഭാര്യ ഡോ. ഉഷ അന്തര്‍ജനവുമാണ് യാഗത്തിന്റെ യജമാനനും പത്‌നിയും.

ഇന്നലെ വൈകുന്നേരം ആചാര്യന്‍മാരെ അഗ്ന്യാധാന സ്ഥലത്തേക്ക് ആശ്വത്തിന്റെ അകമ്പടിയോടെ ആനയിച്ചു.

അരണികടഞ്ഞ് സൃഷ്ടിക്കുന്ന അഗ്നി ഹോമാദികള്‍ക്ക് പകരുന്ന ചടങ്ങാണ് ആദ്യം നടന്നത്.

(ഈ ചടങ്ങിന്റെ വീഡിയോ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് യൂട്യൂബ് ചാനലില്‍ കാണാം).