കല്‍കൊ റെസ്‌റ്റോറന്റ് ഇനി തളിപ്പറമ്പിലും-ഉദ്ഘാടനം നാളെ-ഫോണ്‍ കോളില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഭക്ഷണമെത്തിക്കും-

തളിപ്പറമ്പ്: രുചിയിലൂടെയും, വിഭവ വൈവിധ്യങ്ങളിലൂടെയും ജനമനസ്സുകളില്‍ സ്ഥാനം നേടിയ ‘കല്‍കൊ റസ്‌റ്റോറന്റ് നാളെ മുതല്‍ തളിപ്പറമ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കണ്ണൂര്‍ കല്ല്‌കൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ വൈവിധ്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായുള്ള കല്‍കൊ റെസ്‌റ്റോറന്റിന്റെ മൂന്നാമത് ശാഖയാണ് തളിപ്പറമ്പ് സീലാന്റ് കോംപ്ലക്‌സില്‍ ശനിയാഴ്ച രാവിലെ 9 മണിക്ക് ആന്തൂര്‍ നഗരസഭാ ചെയര്‍മാനും, സംഘത്തിന്റെ മുന്‍ പ്രസിഡന്റുമായ പി. മുകുന്ദന്റെ അദ്ധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യുന്നത്.

മിനിഹാള്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊണ്ടായിയും, കാറ്ററിംഗ് സെക്ഷന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണനും ഉദ്ഘാടനം ചെയ്യും.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. ഗംഗാധരന്‍, വിസ്മയ പാര്‍ക്ക് വൈസ് ചെയര്‍മാന്‍ കെ. സന്തോഷ് എന്നിവര്‍ മുഖ്യാതിഥിതളാവും. സംഘം പ്രസിഡന്റ് സി. അശോക് കുമാര്‍ സ്വാഗതവും, സെക്രട്ടറി എ.ഇ.ജിതേഷ് കുമാര്‍ നന്ദിയും പറയും.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, പി.പി. മുഹമ്മദ് നിസാര്‍, എന്‍.വി. ധന്യ, പുല്ലായ്‌ക്കൊടി ചന്ദ്രന്‍, എം.ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

നിലവില്‍ ധര്‍മ്മശാലയിലും, ബക്കളത്തും കല്‍കൊ റെസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിച്ചു വരികയാണ്.

മിതമായ നിരക്കില്‍ ഗുണമേന്മ ഉറപ്പ് വരുത്തിയും, രുചിയേറിയ ഭക്ഷണവുമാണ് കല്‍കൊ വിതരണം ചെയ്യുന്നത്.

വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ സെക്ഷനുകളില്‍ വിഭവ വൈവിധ്യങ്ങള്‍ ഒരുക്കി കൂടുതല്‍ സൗകര്യങ്ങളോടുകൂടിയാണ് തളിപ്പറമ്പില്‍ ബ്രാഞ്ച് ആരംഭിക്കുന്നത്.

റെസ്‌റ്റോറന്റില്‍ വിവാഹ നിശ്ചയം തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ക്ക് പറ്റിയ മിനിഹാള്‍ സജ്ജമാക്കിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ ചെലവില്‍ കേറ്ററിംഗ്.

ഒരു ഫോണ്‍ വിളിയില്‍ വീട്ടിലും, പണി സ്ഥലങ്ങളിലും ആവശ്യമുള്ള ഭക്ഷണമെത്തിക്കും. കല്ല്യാണം, വിവാഹ നിശ്ചയം, ബര്‍ത്ത്‌ഡേ പാര്‍ട്ടി, മറ്റ് എല്ലാ ആഘോഷ വേളകളിലും, വിശേഷ ദിവസങ്ങളിലും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന പ്രകാരം ഭക്ഷണം പ്രമുഖര്‍ പാകം ചെയ്യുകയും, വിതരണം ചെയ്യുകയും ചെയ്യും.

സംഘം നിലവില്‍ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ മേല്‍ത്തരം ചെങ്കല്ലുകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്ത് വരുന്നുണ്ട്. കൂടാതെ കരാര്‍ പ്രവര്‍ത്തികളും ഏറ്റെടുത്ത് നടത്തി വരികയാണ്.

ബക്കളത്ത് കല്‍കൊ ഇറച്ചിമത്സ്യം സ്റ്റാളും, ധര്‍മ്മശാലയില്‍ കല്‍കൊ മിനിഹാള്‍ മിതമായ വാടക നിരക്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തും വിനോദ യാത്രകള്‍ സംഘടിപ്പിച്ച് വിനോദ സഞ്ചാര മേഖലയിലും കല്‍കൊ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ധര്‍മ്മശാലയില്‍ നീതി ഇലക്ട്രിക്കല്‍ പ്ലംബിങ് ഷോപ്പ് തുടങ്ങാ നുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി തൊഴിലാളികളുടെ കൂട്ടായ്മയില്‍ ധര്‍മ്മശാല ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന സംഘം വിവിധ രീതിയിലുള്ള പ്രതിസന്ധി കള്‍ക്കിടയില്‍ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വവും വരുമാന വര്‍ദ്ധനവും,

കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും വേണ്ടിയാണ് വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. പത്രസമ്മേളനത്തില്‍ സി.അശോക്കുമാര്‍, കെ.സുധാകരന്‍, എ.ഇ.ജിതേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.