താരങ്ങളായ ജയറാം- പാര്‍വതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി

തൃശൂര്‍: താരങ്ങളായ ജയറാം- പാര്‍വതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ മോഡലായ തരിണി കിലംഗരായരുടെ കഴുത്തില്‍ കാളിദാസ് താലി ചാര്‍ത്തി. ഇരുവരും ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു.

ഇന്ന് രാവിലെ 7.15നും 8നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി, മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.

ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്‌റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയില്‍ നിറയെ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരുവരുടേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍. ചെന്നൈയില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.