റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത് വകുപ്പ്.

പിലാത്തറ: ജലജീവന്‍മിഷന്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ വെട്ടിപ്പൊളിച്ച റോഡ് ഒരു മാസമായിട്ടും പൂര്‍വ്വസ്ഥിതിയിലാക്കിയില്ലെന്ന് പരാതി.

ചെറുവിച്ചേരി മുതല്‍ ചന്തപ്പുര പാലം വരെയുള്ള ഭാഗത്ത് നാട്ടുകാര്‍ കാല്‍നടയാത്രപോലും നടത്താനാവാത്ത വിധം ദുരിതത്തിലായി.

ഒന്നരമാസം മുമ്പാണ് വാട്ടര്‍ അതോറിറ്റി 13,06,920 രൂപ പയ്യന്നൂരിലെ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ കെട്ടിവെച്ച ശേഷം കുടിവെള്ള കണക്ഷന്‍ നല്‍കാനായി റോഡ് വെട്ടിപ്പൊളിച്ചത്.

കണക്ഷന്‍ നല്‍കി ഒന്നരമായം കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് റോഡ് റീടാര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് ഗ്രാമപഞ്ചായത്തംഗം എന്‍.കെ.സുജിത്ത് പറയുന്നു.

നിരന്തരമായി പഞ്ചായത്ത് അധികൃതര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഒരുവിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

വലിയ കുഴികള്‍ കാരണം കാല്‍നടയാത്രയും വാഹനയാത്രയും അവിടെ അവതാളത്തിലായിരിക്കയാണ്.

പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രത്യക്ഷസമരം നടത്തുനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.