പൊതുപരിപാടികള്‍ അനുവദിക്കില്ല—കണ്ണൂര്‍ ജില്ല ‘ബി’ കാറ്റഗറിയില്‍;

കണ്ണൂര്‍: ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കോവിഡ്19 രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനുവരി 28 വെള്ളിയാഴ്ച മുതല്‍ കണ്ണൂര്‍ ജില്ലയെ ‘ബി’ കാറ്റഗറി ജില്ലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉത്തരവിട്ടു.

ഇതുപ്രകാരമുള്ള. നിയന്ത്രണങ്ങള്‍ ഫെബ്രുവരി അഞ്ച് വരെയോ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയോ നിലവില്‍ ഉണ്ടായിരിക്കും.

ഈ ഉത്തരവ് പ്രകാരം ജില്ലയില്‍ എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികള്‍ ഉള്‍പ്പെടെയുള്ള യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കുകയില്ല.

മതപരമായ എല്ലാ ചടങ്ങുകളും ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.

ഇതിനു പുറമേ ജനുവരി 30ന് ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍, എന്നിവിടങ്ങളിള്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നില്ലയെന്നും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും പോലീസ് വകുപ്പ് ഉറപ്പു വരുത്തും.

കോവിഡ് പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധിയില്‍പ്പെടുന്ന പക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും.

കൂടാതെ ഇനിയുള്ള എല്ലാ ദിവസങ്ങളിലും എല്ലാ തഹസില്‍ദാര്‍ ആന്‍ഡ് ഇന്‍സിഡെന്റല്‍ കമാന്‍ഡര്‍മാരും താലൂക്ക് തലത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കും.

മേല്‍ പറഞ്ഞ ഇടങ്ങളില്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടോയെന്നും അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നില്ലയെന്നും പരിശോധന നടത്തി ഉറപ്പു വരുത്തുമെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതില്‍ 14.8 ശതമാനം കോവിഡ് പോസിറ്റീവ്

കണ്ണൂര്‍ ജില്ലയില്‍ ജനുവരി 27 വ്യാഴാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ച 2980 പേരില്‍ 440 പേരാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്.

ആകെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 14.8 ശതമാനം പേര്‍ കോവിഡ് പോസിറ്റീവാണ്.

കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍, ജനുവരി ഒന്ന് മുതല്‍ വ്യാഴാഴ്ച വരെ ഉണ്ടായത് 95.6 ശതമാനം വര്‍ധനവ്.

അതേസമയം ജനുവരി ഒന്നിന് തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചത് 47 പേരാണെങ്കില്‍ ജനുവരി 27 വ്യാഴാഴ്ച അത് 110 പേരാണ്134 ശതമാനം വര്‍ധനവ്.