മെഡിക്കല്‍ കോളേജിലെ പീഡനങ്ങള്‍-എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിഷേധ പ്രകടനം ഇന്ന്–ഓപ്പറേഷന്‍ വിദഗ്ദ്ധന്‍ മുന്‍കൂര്‍ ജാമ്യത്തിന്-

പരിയാരം: വനിതാ ജീവനക്കാരെയും വിദ്യാര്‍ത്ഥിനികളേയും അപമാനിക്കുന്നവരെ അധികൃതര്‍ സംരക്ഷിക്കുന്നതായി ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ രംഗത്ത്.

ഇതില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് 1.15 ന് കാമ്പസില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് സെക്രട്ടറി യു.കെ.മനോഹരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നേഴ്‌സിങ്ങ് അസിസ്റ്റന്റ് വിദ്യാര്‍്ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ഇത് കൂടാതെ ബ്ലഡ്ബാങ്കില്‍ വെച്ച് വിദ്യാര്‍്ത്ഥിനിയോട് മോശമായി പെരുമാറിയ ജീവനക്കാരനെ മോര്‍ച്ചറിയിലേക്ക് അധികൃതര്‍ സ്ഥലംമാറ്റിയിരുന്നു, ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടന്നുവരികയാണ്.

സംഭവം വിവാദമായതോടെ പൊന്നാനി സ്വദേശിയായ ഇയാള്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങിയിരിക്കയാണ്.

വനിതാ ജീവനക്കാരെയും വിദ്യാര്‍ത്ഥിനികളേയും അപമാനിക്കുന്നവരെ അധികൃതര്‍ സംരക്ഷിക്കുകയാണെന്നാണ് മെഡിക്കല്‍ കോളേജ് എന്‍.ജി.ഒ അസോസിയേഷന്റെ ആരോപണം.

നേഴ്‌സിങ്ങ് അസിസ്റ്റന്റ് ഒളിവില്‍ കഴിയുകയാണെന്നാണ് പോലീസ് ഭാഷ്യം. ഇയാള്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്.