കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കി
പരിയാരം: കോവിഡ് മൂന്നാം തരംഗ വ്യാപന സാഹചര്യത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കിയതായി പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപും അറിയിച്ചു.
തിങ്കളാഴ്ച (24.01.2022) മുതല്‍ ഒ.പി രജിസ്‌ട്രേഷന്‍ സമയം രാവിലെ 8 മണിമുതല്‍ 11 മണിവരെ ആയിരിക്കും.
പ്രത്യേക ഫീവര്‍ ക്ലിനിക്ക് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പനി ലക്ഷണമുള്ളവര്‍ ഈ ക്ലിനിക്കില്‍ ചികിത്സ തേടേണ്ടതാണ്.
മെഡിക്കല്‍ കോളേജിലും ആശുപത്രിയിലും എത്തുന്നവര്‍ എന്‍-95 അല്ലെങ്കില്‍ ഡബ്ള്‍ മാസ്‌ക്ക് ധരിക്കേണ്ടതാണ്.
കൈകള്‍ സാനിറ്റൈസര്‍/സോപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കിയിരിക്കണം.
കോവിഡ് വ്യാപനം തടയുന്നതിന്, അസുഖംവരാതെ സൂക്ഷിക്കുന്നതിനൊപ്പം, അസുഖം വന്നാല്‍ ആര്‍ക്കും പകരാതിരിക്കുന്നതിനും കോവിഡ് പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
സി-കാറ്റഗറിയില്‍ വരുന്ന അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത് എന്നതിനാല്‍,
കോവിഡ് അധികരിച്ചുവരുന്ന നിലവിലെ സാഹചര്യത്തില്‍ അത്തരം വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതായും,
കോവിഡേതര വിഭാഗത്തിലെ അടിയന്തിരമല്ലാത്ത സര്‍ജറികള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെയ്‌ക്കേണ്ടിവരുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പ്രിന്‍സിപ്പാളും സൂപ്രണ്ടും അഭ്യര്‍ത്ഥിച്ചു.