പരിയാരം: ആശുപത്രി വികസസമിതിക്ക് പണമുണ്ടാക്കാന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ ബി.പി.എല്‍ വിഭാഗത്തിന് സൗജന്യചികില്‍സ നിഷേധിക്കുന്നതായി വ്യാപക പരാതി.
സര്‍ക്കാര്‍ ഏറ്റെടുത്തതായി പറയുന്ന മെഡിക്കല്‍ കോളേജില്‍ തൊട്ടതിനും പിടിച്ചതിനും മുഴുവന്‍ ആശുപത്രിവികസന സമിതിയുടെ പേരുപറഞ്ഞ് അധികൃതര്‍ ഫീസ് ഈടാക്കുന്നുണ്ട്.
സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പറത്തി മഞ്ഞ കാര്‍ഡുള്ള എ.എ.വൈ വിഭാഗത്തിന് മാത്രമായി സൗജന്യ ചികില്‍സ പരിമിതപ്പെടുത്തിയിരിക്കയാണ്.
പിങ്ക് കാര്‍ഡുള്ള ബി.പി.എല്‍ വിഭാഗത്തിന് കൂടി സൗജന്യ ചികില്‍സ നല്കാന് ആരോഗ്യമന്ത്രി പ്രത്യേക ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും അതൊന്നും തന്നെ ഇവിടെ പാലിക്കപ്പെടുന്നില്ല.
ഒ.പി.രജിസ്ട്രേഷന് സൗജന്യമാണെങ്കിലും
മറ്റെല്ലാറ്റിനും സ്വകാര്യ ആശുപത്രിയില്‍ നിന്നും വാങ്ങുന്ന ഫീസ് തന്നെയാണ് മിക്ക പരിശോധനകള്‍ക്കും വാങ്ങുന്നത്.
എച്ച്.ഡി.എസ്. എന്ന പേരില്‍ പാര്‍ട്ടി സ്വന്തക്കാരെ തിരുകിക്കറ്റുകയും അവര്‍ക്ക് ശമ്പളം നല്‍കാനെന്ന പേരില്‍ ബി.പി.എല്‍ വിഭാഗത്തില്‍ നിന്നുകൂടി ഫീസ് വാങ്ങുകയാണെന്നും ഇതിനെതിരെ ജനകീയ പ്രക്ഷോഭം വേണമെന്നും ജനകീയാരോഗ്യ വേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്മണ്യന് പ്രസ്താവനയില്‍ പറഞ്ഞു.
ബി.പി.എല്‍ വിഭാഗത്തിന് സൗജന്യചികില്‍സ നല്‍കാതെ വഞ്ചിക്കുന്നതില്‍ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മെഡിക്കല്‍ കോളേജ്
പരിസരത്ത് നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.