കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ ചായകുടി മുങ്ങല്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പല വിഭാഗത്തിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി.

ഒ.പി.ദിവസങ്ങളില്‍ തന്നെ രാവിലെ മുഖം കാണിച്ച ശേഷം ചായകുടിക്കാനായി പോകുന്നവരെ പിന്നീട് മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ലെന്നാണ് പരാതി.

സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരാണ് ഇത്തരത്തില്‍ മുങ്ങി നടക്കുന്നതെന്ന് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്‌മണ്യന്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കും ഡി.എം.ഇക്കും അയച്ച പരാതിയില്‍ പറയുന്നു.

കാഷ്വാലിറ്റിയില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം നിര്‍ബന്ധമാണെന്നിരിക്കെ പി.ജി.ഡോക്ടര്‍മാരും ജൂനിയര്‍ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും മാത്രമാണ് ഇവിടെ സേവനം ചെയ്യുന്നത്.

ഒട്ടുമിക്ക സീനിയര്‍ ഡോക്ടര്‍മാരും തങ്ങള്‍ക്ക് തോന്നിയപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരെയും നിയന്ത്രിക്കാന്‍ ഉത്തരവാദപ്പെട്ട ആരും മെഡിക്കല്‍ കോളേജില്‍ ഇല്ലെന്നും പരാതിയില്‍ പറയുന്നു.

സ്ഥാപനമേലധികാരിയായ പ്രിന്‍സിപ്പാളിന്റെ സാന്നിധ്യംപോലും എവിടെയും അനുഭവപ്പെടുന്നില്ല.

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരുടെ പേരുകളും പ്രാക്ടീസ് നടത്തുന്ന സ്ഥലങ്ങളും സംബന്ധിച്ച് വിജിലന്‍സ് ഡയരക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.

നേരത്തെ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ തുടര്‍നടപടികള്‍ വൈകുന്നതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

അടുത്തിടെ 125 ഡോക്ടര്‍മാരുടെ നിയമനം സര്‍ക്കാര്‍ അംഗീകരിക്കുകയും ഭാരിച്ച തുക ശമ്പള വര്‍ദ്ധനവായി
ലഭിക്കുകയും ചെയ്തിട്ടും രോഗികള്‍ക്ക് യാതൊരു സേവനവും നല്‍കാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.