ജോലി ചെയ്യാനാവാത്ത ഡോക്ടര്‍മാര്‍ ഒഴിഞ്ഞുപോകണം-പ്രസവവാര്‍ഡ് അടച്ചിടല്‍ അനുവദിക്കാനാവില്ല-കല്ലിങ്കീല്‍ പത്മനാഭന്‍ .

തളിപ്പറമ്പ്: ജോലിചെയ്യാന്‍ വൈമുഖ്യമുള്ള ഡോക്ടര്‍മാര്‍ പണിമതിയാക്കി പോകണമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍.

ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് അധ്യക്ഷനായ വൈസ് ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്.

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കഴിഞ്ഞ ഒന്നരമാസമായി പ്രസവവാര്‍ഡ് അടച്ചിട്ട സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടും പി.ആര്‍.ഒയും വികസനസമിതി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് വൈസ് ചെയര്‍മാന്‍ കര്‍ശനമായ നിലപാട് വ്യക്തമാക്കിയത്.

നിലവില്‍ ഡോ.അരുണ, ഡോ.പ്രകാശന്‍ എന്നിവര്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഉണ്ടെങ്കിലും ഡോ.പ്രകാശന്‍ അവധിയിലാണ്.

ഡോ.അരുണ ഒ.പി മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ. ഒരു ഡോക്ടര്‍കൂടി ഉണ്ടായാല്‍ മാത്രമേ പ്രസവവാര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്ന് സൂപ്രണ്ട് അറിയിച്ചു.

അവധിയെടുത്ത ഡോ.പ്രകാശന്‍ ചുമതല ഒഴിഞ്ഞുപോകണമെന്നും ഇത്തരം നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വൈസ് ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു.

വിവരം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും നാലാംതീയതിക്ക് ശേഷം എം.എല്‍.എ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും കല്ലിങ്കീല്‍ വ്യക്തമാക്കി.

ആര്‍.ഡി.ഒ രഞ്ജിത്ത്, തഹസില്‍ദാര്‍ പി.സജീവന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയന്‍ ചെല്ലരിയന്‍ എന്നിവര്‍ പങ്കെടുത്തു.