നിരപരാധിയായ ഈ മനുഷ്യനെ വേട്ടയാടിയത് ഇരുപത് വര്‍ഷം കല്ലിങ്കീല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ്‌പോരിന്റെ ഇര.

തളിപ്പറമ്പ്: തളിപ്പറമ്പ് കോണ്‍ഗ്രസ്സിലെ ജനകീയമുഖമായ കല്ലിങ്കീലിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചില തല്‍പ്പരകക്ഷികളും ചേര്‍ന്ന് വേട്ടയായിയത് 20 വര്‍ഷം.

2003 ല്‍ കെട്ടിട പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ 2004 ലാണ് തെരഞ്ഞെടുപ്പിലൂടെ കല്ലിങ്കീല്‍ പത്മനാഭന്‍ പ്രസിഡന്റായി ചുമതലയേറ്റത്.

നിര്‍മ്മാണവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന അദ്ദേഹത്തെ നിര്‍മ്മാണ പ്രവര്‍ത്തികളിലെ അഴിമതി ആരോപിച്ചാണ് വിജിലന്‍സ് കേസില്‍ കുടുക്കിയത്.

തളിപ്പറമ്പിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കല്ലിങ്കീലിനെതിരെ പാര്‍ട്ടിയിലെ ചില ഗ്രൂപ്പുകളാണ് കള്ളക്കേസ് കെട്ടിച്ചമക്കാനായി അന്ന് രംഗത്തിറങ്ങിയത്.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് 2015 ല്‍ രമേഷ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ കല്ലിങ്കീല്‍ പത്മനാഭനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ഉപദേശകസമിതി അംഗമായി നിയമിച്ചിരുന്നു.

അന്ന് ഈ വിജിലന്‍സ് കേസ് വിവരങ്ങള്‍ വെച്ചാണ് ജയില്‍ ഉപദേശകസമിതി അംഗത്വത്തില്‍ നിന്ന് കല്ലിങ്കീലിനെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പാരവെച്ച് ഒഴിവാക്കിയത്.

തുടര്‍ന്നിങ്ങോട്ട് പാര്‍ട്ടിയിലെ തല്‍പ്പരകക്ഷികളായ ഗ്രൂപ്പുകള്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ഒരു ദിവസം വൈകിയതിന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പക്ഷെ, നിരവധി സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം അതിജീവിച്ച് ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുകയാണ്.