യുവാവിനെ മര്‍ദ്ദിച്ച സംഭവം ഒന്നാംപ്രതി ദാവീദ് റിമാന്‍ഡില്‍

പരിയാരം: അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി.

പിലാത്തറ സി.എം.നഗറിലെ ദാവീദാണ് ഇന്ന് ഉച്ചയോടെ പയ്യന്നൂര്‍ കോതിയില്‍ കീഴടങ്ങിയത്.

പരിയാരം പോലീസ് പ്രതിയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായി അന്വേഷിച്ചുവരികയായിരുന്നു.

ഇക്കഴിഞ്ഞ 16 ന് രാത്രി 8.45 നാണ് പിലാത്തറ സി.എം.നഗറിലെ കണ്‍മണി ഹൗസില്‍ നവാസിന്റെ മകന്‍ എന്‍.നൗഫലിനെ(28) ദാവീദും ബി.ജെ.പി മുന്‍ മാടായി മണ്ഡലം പ്രസിഡന്റ് റിനോയി ഫെലിക്‌സും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

ബി.ജെ.പി അനുഭാവിയാണ് ദാവീദ്.

പോലീസ് പിടയിലായ റിനോയി ഇപ്പോള്‍ റിമാന്‍ഡിലാണ്. ദാവീദിനേയും കോടതി റിമാന്‍ഡ് ചെയ്തു.

നൗഫലിനെ തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ക്രിക്കറ്റ് ബാറ്റ്കൊണ്ട് കാല്‍മുട്ട് അടിച്ചുതകര്‍ക്കുകയും താഴെവീണ നൗഫലിന്റെ മുഖത്ത് പാറക്കല്ല് കൊണ്ട് ഇടിക്കുകയും ചെയ്തതായാണ് പരാതി.

പത്തോളം തുന്നലുകളിട്ട് ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ് നൗഫല്‍.

പ്രതികള്‍ക്കെതിരെ കൊലപാതകശ്രമത്തിനാണ് പരിയാരം പോലീസ് കേസെടുത്തിരിക്കുന്നത്.