ധര്‍മ്മസന്ദേശയാത്ര-പ്രചാരണ സത്സംഗം-സപ്തംബര്‍-16 ന് തളിപ്പറമ്പില്‍

തളിപ്പറമ്പ്: കേരളത്തിന്റെ സാംസ്‌ക്കാരിക തനിമയെ വീണ്ടെടുക്കുന്നതിനായി സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മ സന്ദേശയാത്ര ഒക്ടോബര്‍ 7-ന് കാസര്‍കോട് നിന്നും ആരംഭിച്ച് 21-ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രക്ക് തളിപ്പറമ്പില്‍ വിപുലമായ സ്വീകരണം സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ സപ്തംബര്‍-16 ന് തളിപ്പറമ്പില്‍ വിപുലമായ പ്രചാരണ സത്സംഗം സംഘടിപ്പിക്കുന്നു. തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്ര സന്നിധിയില്‍ നടക്കുന്ന സത്സംഗത്തില്‍
സന്യാസിമാരും പങ്കെടുക്കുന്നു. സന്യാസിമാരുടെ കൂട്ടായ്മയായ മാര്‍ഗദര്‍ശകമണ്ഡല്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ പ്രതിനിധി ചീമേനി അവധൂതാശ്രമം ഗുഹാക്ഷേത്രത്തിലെ സാധുവിനോദ് സ്വാമികള്‍, മാര്‍ഗദര്‍ശക മണ്ഡല്‍ കണ്ണൂര്‍ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മചൈതന്യ എന്നിവരാണ് സത്സംഗത്തില്‍ പങ്കെടുക്കുക.

എന്താണ് ധര്‍മസന്ദേശയാത്ര?

ഹൈന്ദവസമൂഹത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യശോഷണം സംബന്ധിച്ച് അവബോധം പകരുന്നതിനും സമാജത്തിന്റെ ധാര്‍മികവും സാമ്പത്തികവുമായ അടിത്തറ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ ദര്‍ശനസന്ദേശപ്രചരണത്തിനുമായി സന്ന്യാസിമാര്‍ നയിക്കുന്ന യാത്രയാണ് ധര്‍മസന്ദേശയാത്ര. ഈ യാത്ര 2025 ഒക്ടോബര്‍ 7ന് കാസര്‍കോട് നിന്നും ആരംഭിച്ച് ഒക്ടോബര്‍ 21ന് തിരുവനന്തപുരത്ത് സമാപിക്കും.

ആരാണ് യാത്രയുടെ സംഘാടകര്‍?

കേരള മാര്‍ഗദര്‍ശകമണ്ഡല്‍ ആണ് യാത്രയുടെ പ്രധാന സംഘാടകര്‍. ഹൈന്ദവദാര്‍ശനിക ചിന്തയും ജീവനവും സംബന്ധിച്ച് ഹിന്ദുസമാജത്തിനും ഹിന്ദു സംഘടനകള്‍ക്കുമാവശ്യമായ ഉപദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ
പ്രവര്‍ത്തിക്കുന്ന സന്ന്യാസിമാരുടെ കൂട്ടായ്മയായ മാര്‍ഗദര്‍ശക മണ്ഡല്‍ 1981ല്‍ മുംബൈയിലാണ് രൂപം കൊണ്ടത്. ആ വര്‍ഷം മുതല്‍ തന്നെ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി കേരള മാര്‍ഗദര്‍ശകമണ്ഡലിന്റെ അധ്യക്ഷനും മാവേലിക്കര ഉമ്പര്‍നാട് സിദ്ധാശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്നു.

ധര്‍മസന്ദേശ യാത്രയുടെ സംഘാടനത്തിനായി ജഗദ്ഗുരു മാതാ അമൃതാനന്ദമയീ ദേവി മുഖ്യരക്ഷാധികാരിയായും പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ചെയര്‍മാനായും 1008 അംഗങ്ങളുള്‍ക്കൊള്ളുന്ന സംസ്ഥാനത ലസമിതിയുടെ രൂപീകരണം കേരള മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ 2025 ജൂണ്‍ 11 ന് തിരുവനന്തപുരത്തു വെച്ച് നടന്നിരുന്നു. ഇതിനു പുറമെ യാത്രയെ സ്വീകരിക്കുന്നതിനും അതിനു മുന്നോടിയായുള്ള മറ്റു പരിപാടികള്‍ ഏര്‍പ്പെടുത്തുന്നതിനുമായി ജില്ലാതലസ്വാഗത സംഘങ്ങളുടെ രൂപീകരണവും നടന്നുവരുന്നുണ്ട്.

ഈ യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്?

കേരളത്തിലെ ഹൈന്ദവ സന്ന്യാസിമാര്‍ നയിക്കുന്ന ധര്‍മസന്ദേശയാത്ര അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത് ഇപ്പോള്‍ കേരളീയ ഹൈന്ദവ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ധര്‍മശോഷണത്തിനുള്ള പര്ഹാരമായി സമാജത്തിനകത്തു നിലനില്‍ക്കുന്ന എല്ലാവിധ വൈജാത്യങ്ങളെയും അവസാനിപ്പിച്ചു കൊണ്ടുള്ള ഏകതയുടെ സന്ദേശത്തിന്റെ പ്രചരണമാണെന്ന് മാര്‍ഗദര്‍ശകമണ്ഡല്‍ വ്യക്തമാക്കി.