തളിപ്പറമ്പ് നഗരസഭയിലെ യു.ഡി.എഫ് ഭരണം കള്ളന് കഞ്ഞിവെച്ചവര്‍-സി.വി.ഗിരീശന്‍

തളിപ്പറമ്പ്: നഗരസഭാ ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഴിമതിയും സ്വജനപക്ഷപാതവും നേട്ടമായി കണക്കാക്കുന്ന തളിപ്പറമ്പ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിവരമില്ലായ്മയിലൂടെ മറ്റൊരു അഴിമതി ആരോപണം ഉന്നയിച്ചത് ലജ്ജാവഹമാണെന്ന് സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശന്‍.
തളിപ്പറമ്പ് നഗരസഭ ഹൈവേ ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിന്റെ പണിപൂര്‍ത്തീകരണത്തിന്റെ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത പ്രവര്‍ത്തി ടെണ്ടര്‍ ക്ഷണിക്കാതെയാണെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമുള്ള ആരോപണവുമായി മുന്നോട്ടു വന്നത്.
മുര്‍ഷിത കൊണ്ടായി അധ്യക്ഷതവഹിച്ച നഗരസഭ കൗണ്‍സില്‍ യോഗമാണ് ഗവ: അക്രഡിറ്റ് ഏജന്‍സിയായ ഈ സൊസൈറ്റിക്ക് വര്‍ക്ക് നല്‍കുന്നതിനുവേണ്ടി തീരുമാനിച്ചത്. നഗരസഭ ഇതുപോലുള്ള ഗവ: അംഗീകൃത അക്രഡിറ്റ് ഏജന്‍സികള്‍ക്ക് ഏല്‍പ്പിച്ചതായ നിരവധി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുമുണ്ട്. ഏത് ഗവണ്‍മെന്റ് വന്നാലും ഈ ഏജന്‍സികള്‍ ആ ഗവണ്‍മെന്റിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനം എന്ന നിലയില്‍ കേരളത്തില്‍ എല്ലാ സ്ഥലങ്ങളിലും പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തികരിച്ചിട്ടുമുണ്ട് എന്നിരിക്കെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് വര്‍ക്ക് നല്‍കിയതില്‍ അഴിമതി ഉണ്ടെങ്കില്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടി വര്‍ക്ക് റദ്ദ് ചെയ്യാന്‍ ധൈര്യവും ആര്‍ജ്ജവവും കാണിക്കുമോ? അറിവില്ലായ്മ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നത് ഒരു നഗരസഭ ഭരിക്കുന്ന ചെയര്‍പേഴ്‌സണിന് ഭൂഷണമാണോ എന്നത് അവര്‍തന്നെ തീരുമാനിക്കട്ടെ

2025 നവം: 3 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച ഒരു ചോദ്യത്തിനു പോലും ഉത്തരം നല്‍കാന്‍ കഴിയാതെ പകച്ചു നിന്ന മുര്‍ഷിദാ കൊണ്ടായി മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയന്ന് തുണ്ടുകടലാസില്‍ മറ്റുള്ളവര്‍ എഴുതി കൊടുത്ത കുറിപ്പുമായി തന്റെ കാലത്ത് നടത്തിയ അഴിമതികളെ ന്യായീകരിക്കാന്‍ മുന്നോട്ടു വന്നത് വിചിത്രമാണ്.
മലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നഗരസഭാ സെക്രട്ടറി എഗ്രിമെന്റ് വെക്കാന്‍ വൈകിച്ചു എന്ന ആരോപണവുമായി സെക്രട്ടറിക്കെതിരെ ഭരണപക്ഷം പ്രമേയം അവതരിപ്പിച്ചപ്പോള്‍ അതിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ 2017 മുതല്‍ 2025 വരെ നഗരസഭയില്‍ നിന്നും നിര്‍മ്മല്‍ ഭാരത് ട്രസ്റ്റ് ശേഖരിച്ച മാലിന്യങ്ങളുടെ വേര്‍തിരിച്ച കണക്ക്, തൂക്കം പുറത്തേക്ക് കൊണ്ടുപോയ സാധനങ്ങള്‍, തൂക്കം, യൂസര്‍ഫീ വാങ്ങുന്നത് സംബന്ധിച്ച കണക്ക്, മോണിറ്ററിങ്ങ് കമ്മറ്റിയുടെ പ്രവര്‍ത്തനം, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു മറുപടി ഇതുവരെയും പറയാന്‍ സാധിച്ചിട്ടില്ല, ഇതില്‍ നിന്നും വ്യക്തമാകുന്നത് കമ്പനിയില്‍ നിന്നും ഇവര്‍ മാസപ്പടി കൈപ്പറ്റുന്നു എന്നതാണെന്ന് ഗിരീശന്‍ ആരോപിച്ചു. ആക്രി കുംഭകോണത്തില്‍ അഴിമതി നടന്നിട്ടുണ്ട് എന്നത് സ്റ്റീയറിണ്ട് കമ്മറ്റി തന്നെ കണ്ടെത്തിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ നടപടി എടുക്കാതെ സംരക്ഷിച്ചു നിര്‍ത്തുകയും വ്യാജലൈസന്‍സിലുടെ കച്ചവടം നടത്തിവന്ന മാര്‍ക്കറ്റ് റോഡിലെ സ്ഥാപനത്തിനു മേല്‍ നടപടി സ്വീകരിക്കാതെ ഫയല്‍ പൂഴ്ത്തിവെച്ചത് നഗരസഭാഹെല്‍ത്ത് സൂപ്പര്‍വൈസറുടെ മേല്‍ മുര്‍ഷിതാ കൊങ്ങായിയുടെ സമ്മര്‍ദ്ദം കൊണ്ടായിരുന്നില്ലേ? ബന്ധുക്കളായതിന്‍മേല്‍ അനധികൃതകച്ചവടം നടത്താന്‍ സൗകര്യം ചെയ്തു കൊടുത്തതുവഴി ഇവര്‍ തികച്ചും സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. ആക്രി അഴിമതി നടത്തിയവരേയും അനധികൃത കച്ചവടം അനുവദിച്ച ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കാന്‍ ഗവണ്‍മെന്റിലേക്ക് ശുപാര്‍ശ ചെയ്യാന്‍ ചെയര്‍പേഴ്‌സണ്് ധൈര്യമുണ്ടാകില്ല, കാരണം ഇതിലും അവര്‍ക്കുള്ള പങ്ക് പുറത്ത് വരും എന്ന ഭയം കൊണ്ടാണ്

നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂള്‍ കുടുംബ സ്വത്ത് കൈകാര്യം ചെയ്യുന്നതുപോലെയാണ് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കണ്ടുവരുന്നത്. 2025 ഒക്ടോബര്‍ 29 ന് കെ.എസ്.യു-എം.എസ്.എഫ് സംഘടനകള്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദില്‍ തളിപ്പറമ്പിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ചെയര്‍പേഴ്‌സണിന്റെ നിര്‍ദ്ദേശ പ്രകാരം നഗരസഭാ ബഡ്‌സ് സ്‌കൂള്‍ അടച്ചുപൂട്ടി. രക്ഷിതാക്കളുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഹേംവിസിറ്റ് എന്ന് രേഖയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ അതും പിടിക്കപ്പെട്ടു.
സ്‌കൂള്‍ ആരംഭിച്ചിട്ട് ഒന്നര വര്‍ഷമായിട്ടും സ്ഥാപനത്തിന്റെ വരവ് ചിലവ് കണക്ക് സംബന്ധിച്ച കാര്യങ്ങള്‍ സുതാര്യമായ രീതിയിലല്ല നടക്കുന്നത് വ്യക്തികള്‍, സംഘടനകള്‍ സ്ഥാപനങ്ങള്‍, വിദേശത്തു നിന്നുള്‍പ്പെടെ സാമ്പത്തിക സഹായം ലഭിച്ചു വരുന്നുണ്ട് എന്നാല്‍ ഇതെല്ലാം ചിലവ്യക്തികളുടെ അക്കൗണ്ടിലേക്കാണ് പോകുന്നത് ഈ കാര്യത്തെ കുറിച്ച് കൗണ്‍സില്‍ യോഗത്തില്‍ ചോദിച്ചപ്പോള്‍ ചെയര്‍പേഴ്‌സണിന്റെയും/പ്രിന്‍സിപ്പാളിന്റെയും ജോയിന്റ് അക്കൗണ്ട് വഴിയാണെന്ന് കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ പ്രശ്‌നം വഷളാകുമെന്ന് കണ്ടപ്പോള്‍ ഇപ്പോഴാണ് അക്കൗണ്ട് ആരംഭിച്ചത്. ഇതില്‍ തന്നെ കള്ളത്തരം വെളിവായി. ഒന്നരവര്‍ഷകാലത്തെ വരവ് ചെലവുകള്‍ അക്കൗണ്ടില്‍ പോലും കാണിക്കാതെ നിലാരംഭ രായ കുട്ടികളുടെ ചോറ്റു പാത്രത്തില്‍ പോലും കൈയ്യിടാന്‍ യാതൊരുവിധ മടിയും കാണിക്കാത്തവരായി ഇവര്‍ മാറി

നഗരസൗന്ദര്യവല്‍കരണത്തിന്റെ പേരില്‍ കൗണ്‍സിലിനെ പോലും തെറ്റിദ്ധരിപ്പിച്ച് താല്‍പര്യപത്രം പോലും ക്ഷണിക്കാതെ എഗ്രിമെന്റ് വ്യവസ്ഥ പോലും മറച്ച് വെച്ച് സ്വകാര്യസ്ഥാപനത്തിന് തളിപ്പറമ്പ പട്ടണം 5 വര്‍ഷത്തേക്ക് തീറെഴുതി കൊടുത്തതിന്റെ അഴിമതി പുറത്ത് വന്നപ്പോള്‍ അതിന് ഇപ്പോള്‍ ന്യായീകരണവുമായി വന്നിരിക്കുന്നു. നഗരസഭക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്ന ഈ പ്രവര്‍ത്തികള്‍ വേണ്ടപ്പെട്ടവര്‍ക്ക് പതിച്ചു നല്‍കിയതുവഴി ഭരണ സമിതിയിലെ ചിലരുടെ പങ്ക് പുറത്ത് വരാന്‍ പോകുന്നതേയുള്ളൂ. ഹൈവേ ഡിവൈഡറിലെ ലൈറ്റുകളും പോളകളും സ്ഥാപിച്ച് പരസ്യം ഇടാക്കാനുള്ള കാലാവധി 2023 ല്‍ അവസാനിച്ചിട്ടും ഒരു അനുമതിയും കൂടാതെയും 2025 വരെ 2 വര്‍ഷത്തേക്ക് സ്ഥാപനത്തിന് അനുവദിച്ചു കൊടുത്തതു വഴി അഴിമതിയുടെ ആക്കം കൂടുന്നതായി കാണാം
ഈ രണ്ടു പ്രവര്‍ത്തികളും റദ്ദ് ചെയ്യുന്നതിന് സെക്രട്ടി വച്ച അജണ്ട അംഗീകരിക്കാതെ ആഡ്സ്സ്റ്റാര്‍ ഏജന്‍സിക്കു തന്നെ നല്‍കാനുള്ള തീരുമാനം കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെ വെല്ലുന്നതാണ്. അഴിമതികളുടെ കെട്ടഴിച്ചാല്‍
അതായിരിക്കും അഞ്ച് വര്‍ഷത്തെ നേട്ടമായി ഭരണ സമിതിക്ക് പറയാന്‍ സാധിക്കുക..
ഈ ഭരണത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇവര്‍ക്കുള്ളശിക്ഷ ഇനി ജനം തീരുമാനിക്കട്ടെ
ഈ തെരഞ്ഞെടുപ്പിലൂടെ-എന്ന് പറഞ്ഞുകൊണ്ടാണ് ഗിരീശന്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.