മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ-കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ കേസ്.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യനെതിരെയാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്.
സംഘര്‍ഷം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ചിത്രം പങ്കുവച്ചെന്ന് കാണിച്ചാണ് കേസ്.
പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാന്‍ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
ഒരു എഐ ചിത്രം ഉള്‍പ്പെടെയുള്ള ഫോട്ടോകളാണ് ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകണമെന്ന ലക്ഷ്യത്തോടെ പോസ്റ്റ് പങ്കുവെച്ചു എന്നാണ് ആരോപണം.
ബി.എന്‍.എസ് 192, കെ.പി.എ 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും, പ്രചരിക്കുന്നത് എ.ഐ ചിത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു.
