തളിപ്പറമ്പില്‍ പോലീസ് വാഹനത്തിന് കല്ലെറിഞ്ഞ പ്രതി ദിനേശനെ കുതിരവട്ടത്തേക്ക് മാറ്റി.

തളിപ്പറമ്പ്:ഇന്നലെ വൈകുന്നേരം തളിപ്പറമ്പില്‍ പോലീസ് ജീപ്പിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി പരിയാരം ഇരിങ്ങലിലെ ചിറമ്മല്‍ വളപ്പില്‍ ദിനേശന്‍ (48) നെ കോടതി നിര്‍ദ്ദേശപ്രകാരം കോഴിക്കോട് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

തളിപ്പറമ്പ് കോര്‍ട്ട്റോഡില്‍ ഇന്നലെ വൈകുന്നേരം ആറേ മുക്കാലോടെയായിരുന്നു സംഭവം. വിഷു – ലോകസഭാ തെരഞ്ഞെടുപ്പ് പട്രോളിഗ് കഴിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു പോകുകയായിരുന്ന പോലീസ് വാഹനത്തിന് നേരെ ദിനേശന്‍ കല്ലേറു നടത്തുകയായിരുന്നു.

വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു.വാഹനത്തിലുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ എം.എല്‍ ബെന്നിലാലും, എസ്‌ഐ പി.റഫീക്കും പോലീസ് ഡ്രൈവറും ചേര്‍ന്നാണ് അക്രമിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അക്രമിയുമായുള്ള മല്‍പ്പിടിത്തത്തില്‍ എസ്. ഐ റഫീക്കിന് ചെവിയില്‍ കരിങ്കല്ല് കൊണ്ട് അടിയേറ്റ് പരിക്കുപറ്റി.

അദ്ദേഹം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

2018 മാര്‍ച്ച് എട്ടിന് തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ മഹാത്മാഗാന്ധി പ്രതിമക്ക് നേരെ അക്രമം നടത്തിയ കേസിലെ പ്രതിയാണ് ദിനേശന്‍.

ഈ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ദിനേശന്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് വ്യക്തമായതോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതിയുടെ അനുമതിയോടെ കുതിരവട്ടത്തേക്ക് കൊണ്ടുപോയത്.

ദിനേശന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.