തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമോ-

 

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി യുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ പുതിയ നഗരസഭ ഭരണാധികാരികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 25 ലക്ഷം രൂപ മുടക്കി നഗരസഭ സ്ഥാപിച്ച തിമിര ശസ്ത്രക്രിയക്കുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചുപൂട്ടിയിട്ട് 10 മാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാനായില്ല.

പുതിയ കെട്ടിടം നിര്‍മ്മിക്കാനായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയപ്പോള്‍ കാന്റീന്‍ അടച്ചുപൂട്ടിയത് കാരണം കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയിലാണ് രോഗികള്‍.

ആശുപത്രി കവാടത്തില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് സ്‌ളാബ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും അധികൃതര്‍ അനങ്ങിയിട്ടില്ല.

ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങളാണ് താലൂക്ക് ആശുപത്രി അഭിമുഖീകരിക്കുന്നത്.

ഓപ്പറേഷന്‍ തിയേറ്ററുണ്ട്-ഡോക്ടറില്ല-

കാല്‍ കോടി രൂപ മുതല്‍മുടക്ക് തിമിര ശസ്ത്രക്രിയക്ക് വേണ്ടി നിര്‍മ്മിച്ച പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടിയിട്ട് 10 മാസം പിന്നിടുന്നു. തളിപ്പറമ്പ് മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയിലൂടെ 25 ലക്ഷം രൂപ മുടക്കി വാങ്ങി സ്ഥാപിച്ച നവീന സിയസ് ലൂംറ ഓഫ്താല്‍മിക് മൈക്രോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളോടുകൂടിയ നേത്ര വിഭാഗം ഓപ്പറേഷന്‍ തീയേറ്ററാണ് ഡോക്ടര്‍ പ്രസവാവധിക്ക് പോയതിനാല്‍ അടച്ചുപൂട്ടിയത്. 2025 ഫെബ്രുവരി 25 നാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഓര്‍ത്തോ ഒ.ടിയിലെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 58 ലക്ഷം രൂപയാണ് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തീകരിച്ചത്. ഡോക്ടര്‍ സ്ഥലംമാറിപ്പോയതില്‍ പിന്നെ കഴിഞ്ഞ 10 മാസത്തോളമായി ഇവിടെ നേത്രരോഗ വിഭാഗം പ്രവര്‍ത്തിക്കുന്നില്ല. രോഗികള്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയാണ്.
മലയോര മേഖലയിലെ സുപ്രധാനമായ ഈ താലൂക്ക് ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ ഡോക്ടറെ നിയമിക്കണമെന്ന് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെട്ടുവെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
25 ലക്ഷം രൂപ മുതല്‍മുടക്കി സ്ഥാപിച്ച ഓപ്പറേഷന്‍ തിയേറ്ററില്‍ ശസത്രക്രിയകള്‍ സുഗമമായി നടക്കുന്നത് സ്വകാര്യ ആശുപത്രികളെ ബാധിക്കുമെന്നതിനാലാണ് ഇവിടെ നിന്ന് ഡോക്ടറെ സ്ഥലംമാറ്റിയതെന്ന പരാതി വ്യാപകമാണ്.
ഉപയോഗിക്കാതെ കിടക്കുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ വൈറസ് ബാധകാരണം ഇനി ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയമാണ്. ഫലത്തില്‍ തിയേറ്റര്‍ ഉപകരണങ്ങള്‍ ഉപയോഗശൂന്യമായ നിലയിലാണ്.