ദൃശ്യ-ദേശാഭിമാനി ഗൗരിലക്ഷ്മി ഷോ – 15 ന് പയ്യന്നൂരിൽ.
പയ്യന്നൂർ : ഗായിക, ഗാനരചയിതാവ്, സംഗീതസംവിധായിക , ഗാന നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തയായ മലയാളികളുടെ സംഗീത ആസ്വാദന വേദികളിൽ പുതിയൊരു തരംഗം സൃഷ്ടിച്ച പ്രതിഭയാണ് ഗൗരിലക്ഷ്മി.

പതിമൂന്നാം വയസ്സിൽ ഗാനങ്ങൾ എഴുതി തുടങ്ങിയ ഗൗരീലക്ഷ്മി 2012-ൽ പുറത്തിറങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിൻ്റെ മെഗാ ചിത്രമായ കാസിനോവയിലെ “സഖിയേ” എന്ന ഗാനത്തിന് രചനയും ഈണവും നല്കി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചു.
കർണാടക, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതം എന്നിവയിൽ പരിശീലനം നേടിയതിനാൽ വ്യത്യസ്ത രീതികളിൽ വ്യത്യസ്ത തരത്തിലുള്ള ആസ്വാദകരെ തൃപ്തിപ്പെടുത്താനുള്ള ഈ ചേർത്തലക്കാരിയുടെ ശേഷി വേദികളെ പ്രകമ്പനം കൊള്ളിക്കും.
നിരവധി സിനിമകളിലൂടെ സംഗീത ലോകത്ത് ഉദിച്ചുയർന്ന് നിൽക്കുന്ന ഈ സംഗീത പ്രതിഭയെ പയ്യന്നൂരിൽ അവതരിപ്പിക്കുന്നത് ദൃശ്യ പയ്യന്നൂരും മീഡിയ പാർട്ണരായ ദേശാഭിമാനിയും ചേർന്നാണ്. കാതിന് സുഖവും സിരകളിൽ ലഹരിയും വരികളിൽ തന്നെ നിറച്ച സന്തോഷ് വർമ്മയുടെ രചനക്ക് ഷാൻ റഹ്മാൻ ഈണം നൽകിയ ” ആലോലം ചാഞ്ചാടും ” എന്ന് ആരംഭിക്കുന്നതും കെ.എസ്.ഹരിശങ്കരോടൊത്ത് പാടിയതുമായ അതിമനോഹരമായ യുഗ്മ ഗാനം ഗൗരീ ലക്ഷ്മി എന്ന ഗായികയുടെ പ്രശസ്തി ഏറെ ഉയർത്തി. “ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം ” എന്ന് ആരംഭിക്കുന്ന “ഗോദ “സിനിമയിലെ സോളോ ഗാനം സമീപകാലത്ത് മലയാളികൾ നെഞ്ചേറ്റിയ ഏറ്റവും ശ്രദ്ധേയമായ ഗാനമാണ്.
മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിയും പ്രശസ്ത സംവിധായകൻ രഞ്ജിത്തും ഒത്തുചേർന്നുള്ള “പുത്തൻ പണം ” എന്ന സിനിമയ്ക്കായി റഫീഖ് അഹമ്മദും ഷാൻ റഹ്മാനും ചേർന്നൊരുക്കിയ “പട്ടം പോലെ ” എന്ന് തുടങ്ങുന്ന ഗാനം ഏറെ വ്യത്യസ്തമായ ഒരു സംഗീതാനുഭവമാണ്.
സാറാസ് എന്ന 2021ൽ പുറത്തിറങ്ങിയ സിനിമയിൽ “രാവോരം നോവും നേരമോ ” എന്ന് വിനീത് ശ്രീനിവാസനോടൊപ്പം ചേർന്നു പാടിയ യുഗ്മ ഗാനം,ജനപ്രിയ സംവിധായകൻ സത്യൻ അന്തിക്കാടും യുവാക്കളുടെ ഹരമായ ഫഹദ് ഫാസിലും ഒന്നിച്ച് “ഞാൻ പ്രകാശൻ ” എന്ന 2018 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഹൃദയസ്പൃക്കായ “ആത്മാവിൻ ആകാശത്തിനാരോ “എന്ന ഹരിനാരായണന്റെയും ഷാൻ റഹ്മാന്റെയും കൂട്ടുകെട്ടിൽ പിറന്ന ഗാനാലാപനം ഗൗരിലക്ഷ്മിക്ക് നൽകിയ സ്വീകാര്യത ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
2025 കഴിയുമ്പോഴേക്കുംജനപ്രിയ ചിത്രങ്ങളായ ഗോദ , ജൂൺ,പുത്തൻ പണം, ലൗ ആക്ഷൻ ഡ്രാമ,മൗനാക്ഷരങ്ങൾ,ഇഷ്ക്ക്,ബിഗ് ബ്രദർ ,ഗൗതമൻറെ രഥം, സാറാസ് , സ്വച്ഛന്ദമൃത്യു തുടങ്ങിയ നിരവധി സിനിമകളിലൂടെ സംഗീത ലോകത്ത് വിരാജിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ഈ സംഗീത പ്രതിഭ 4 സിനിമാ ഗാനങ്ങൾ എഴുതി സംവിധാനം നിർവഹിച്ചിട്ടുണ്ട്.
ലണ്ടനിലെ സുപ്രസിദ്ധമായ ട്രിനിറ്റി കോളേജിൽ നിന്നും സംഗീതത്തിൽ ബിരുദാനന്തര ബിരുദവും പെർഫോമൻസ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിയ ഗൗരി ലക്ഷ്മി എന്ന യുവകലാകാരിയുടെ പയ്യന്നൂരിലെ ഷോ ആയിരക്കണക്കിന് ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നതായിരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പയ്യന്നൂർ ഗവ. ഹൈസ്കൂൾ സ്റ്റേഡിയത്തിൽ 15ന് ഞായറാഴ്ച വൈകുന്നേരം ഏഴിന് സിപിഐ (എം )ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി വർക്കിങ് ചെയർമാൻ പി സന്തോഷ് അധ്യക്ഷനാകും.
ദേശാഭിമാനി അക്ഷരമുറ്റം മത്സര വിജയികൾക്കുള്ള സമ്മാനദാനങ്ങൾ ടി ഐ മധുസൂദനൻ എംഎൽഎ വിതരണം ചെയ്യും.
ഷോയിലേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും. വാഹന പാർക്കിങ്ങിനായി ഗേൾസ് ഹൈസ്കൂൾ, പൊലീസ് മൈതാനം, ശ്രീവത്സം ഓഡിറ്റോറിയം, പുതിയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 6 മണി മുതൽ പ്രവേശനം നൽകും.
വാർത്ത സമ്മേളനത്തിൽ വി പി സന്തോഷ് കുമാർ, കെ കമലാക്ഷൻ, കെ ശിവകുമാർ, പ്രകാശൻ പയ്യന്നൂർ, ശശിധരൻ കാട്ടൂർ, വി നന്ദകുമാർ,പി വി ലക്ഷ്മണൻ നായർ എന്നിവർ പങ്കെടുത്തു
