നിര്‍മ്മല്‍ഭാരത് വേണോ? ക്ലീന്‍കേരള വേണോ? ഭരണകക്ഷിക്കിടയിലെ ചേരിതിരിവ് പ്രകടമായി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്ലീന്‍ കേരള കമ്പനി വേണോ, അതോ നിര്‍മ്മല്‍ ഭാരത് ട്രസ്റ്റ് വേണോ എന്നതിനെ ചൊല്ലി ഇന്ന് നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ച.
11-ാമത്തെ അജണ്ടയായി കൗണ്‍സില്‍സമുമ്പാകെ വന്ന വിഷയത്തില്‍ മൂന്നാമത്തെ വിവരണത്തില്‍നിലവില്‍ ആര്‍.ആര്‍.എഫിലും എം.സി.എഫിലുമായി ശേഖരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ക്ലീന്‍ കേരള കമ്പനിയുമായികരാറില്‍ ഒപ്പിടണമെന്ന ശുപാര്‍ശയാണ് ഉണ്ടായിരുന്നത്.
പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ച വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.മുഹമ്മദ് ബഷീര്‍ ഈ വിവരണം അജണ്ടയില്‍ കടന്നുവന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു.
നേരത്തെ തന്നെ അത് അസ്വീകാര്യമാണെന്ന് കൗണ്‍സില്‍ തീരുമാനിച്ചിട്ടും നിരന്തരമായി ഈ വിഷയം ഒളിഞ്ഞും തെളിഞ്ഞും കൗണ്‍സിലിന്റെ പരിഗണനക്ക് കടന്നുവരുന്നത് ദുരൂഹമാണെന്നായിരുന്നു വിമര്‍ശനം.
കണ്ണൂര്‍ ജില്ലയില്‍ ക്ലീന്‍ കേരള കമ്പനിയുമായി കരാറുള്ള ഏക നഗരസഭ ആന്തൂരാണെന്നും മറ്റ് നഗരസഭകളെല്ലാം നിര്‍മ്മല്‍ ഭാരത് ട്രസ്റ്റുമായിട്ടാണ് കരാറായിട്ടുള്ളതെന്നുമായിരുന്നു ബഷീറിന്റെ വാദം.
കഴിഞ്ഞ 8 വര്‍ഷമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെതുടര്‍ന്നുവരുന്ന നിര്‍മ്മല്‍ ഭാരത് ട്രസ്റ്റിനെ മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം സമര്‍ത്ഥിച്ചു.
എന്നാല്‍ നിര്‍മ്മല്‍ ഭാരത് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില വിഷയങ്ങള്‍ നിലവിലുണ്ടെന്നും മാര്‍ച്ച് 31 നകം നിര്‍മ്മല്‍ ഭാരത് ട്രസ്റ്റ് നഗരസഭ ആവശ്യപ്പെട്ട വിഷയങ്ങളില്‍ വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ടെന്നും അതിന് ശേഷം അനന്തര നടപടികള്‍ തീരുമാനിക്കാമെന്നുമായിരുന്നു ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന്റെ മറുപടി. 2027 മാര്‍ച്ച് 31 വരെ ഇവരുമായി നഗരസഭക്ക് കരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടിചന്ദ്രന്‍, സി.പി.എം കക്ഷി നേതാവ് ടി.ബാലകൃഷ്ണന്‍, കെ.എം.ലത്തീഫ്, പി.സി.നസീര്‍, പി.റഫീഖ്, പി.വി.സുരേഷ്, അശോക് കുമാര്‍ അഞ്ചാമര, ഇ.നിമിഷ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഇക്കാര്യത്തില്‍ ഭരണപക്ഷത്ത് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ആര് വേണം എന്ന കാര്യത്തില്‍ ചേരിതിരിവ് പ്രകടമായിരുന്നു.

ദുരിതാശ്വാസനിധിയിലേക്ക് പണം പിരിക്കാന്‍ അനുമതി.

ചെയര്‍പേഴ്‌സന്റെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിന് വിവാഹ റജിസ്‌ട്രേഷന്‍ അപേക്ഷയുടെ കൂടെ 500/ രൂപയും
ജനന-രജിസ്റ്ററില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍ വരുത്തല്‍ എന്നീ അപേക്ഷകളില്‍ യഥാക്രമം 50/, 100/ രൂപ വീതവും അപേക്ഷകരില്‍ നിന്ന് ഈടാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
ഇതിന് ചെയര്‍പേഴ്‌സന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. അപേക്ഷ ഫീസിന് പുറമെയാണ് ഈ തുക ഈടാക്കുക.