വ്യക്തിവിദ്വേഷം കോമത്തിന് ഗുണം ചെയ്യില്ല-പുല്ലായിക്കൊടി ചന്ദ്രന്‍ നടത്തുന്നത് മികവുറ്റ പ്രവര്‍ത്തനം.

തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന് മുന്‍ നഗരസഭ വൈസ് ചെയര്‍മാനും സി.പി.ഐ നേതാവുമായ കോമത്ത് മുരളീധരന്‍ അയച്ച ഒരു ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

മുഖംനോക്കാതെ ഇന്ന് പറയുന്നത് അതേക്കുറിച്ചാണ്.

തൃച്ചംബരത്ത് പ്രവര്‍ത്തിക്കുന്ന കഞ്ഞിഹട്ട് എന്ന റസ്റ്റോറന്റിലെ മലിനജലപ്രശ്‌നവുമായി ബന്ധപ്പെട്ടാണ് കോമത്ത് മുരളീധരന്റെ ശബ്ദസന്ദേശം പുറത്തുവന്നതെന്നാണ് വ്യക്തമാവുന്നത്.

റസ്റ്റോറന്റിലെ മലിനജലം അയല്‍വാസിയുടെ കിണര്‍വെള്ളം മലിനമാക്കുന്നത് പരാതിയായി വന്നപ്പോള്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ടി.ബാലകൃഷ്ണന്‍, ലത, മുന്‍ കൗണ്‍സിലര്‍ സി.വി.ഗിരീശന്‍ എന്നിവര്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയതാണ് കോമത്ത് മുരളീധരനെ പ്രകോപിപ്പിച്ചതെന്ന് തോന്നുന്നു.

ഇതില്‍ എന്താണ് തെറ്റ്?

ടി.ബാലകൃഷ്ണനും ലതയും കൗണ്‍സിലര്‍മാരും പുല്ലായിക്കൊടി ചന്ദ്രന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമല്ലേ-:?

സി.വി.ഗിരീശന്‍ മുന്‍ കൗണ്‍സിലറുമാണ്. അവര്‍ സ്ഥലപരിശോധനക്ക് പോയത് എങ്ങനെയാണ് തെറ്റാവുക.

തളിപ്പറമ്പ് നഗരസഭ ഭരിക്കുന്നത് സി.പി.എം ആണോ അതോ ലീഗാണോ എന്നതാണ് കോമത്ത് മുരളീധരന്റെ മറ്റൊരു സംശയം.

കോമത്ത് മുരളീധരന്‍ വൈസ് ചെയര്‍മാനും കൗണ്‍സിലറുമായി പ്രവര്‍ത്തിച്ചത് ഉള്‍പ്പെടെ 1995 മുതല്‍ 2025 വരെ 30 വര്‍ഷങ്ങളായി ആറ് ഭരണസമിതികള്‍ തളിപ്പറമ്പ് ഭരിച്ചിരുന്നു.

അന്നൊന്നും ഉണ്ടാകാത്തവിധത്തില്‍ ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്താന്‍ ഒന്നരമാസം കൊണ്ടുതന്നെ തളിപ്പറമ്പ് നഗരസഭയില്‍ പി.കെ.സുബൈറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ടെന്നത് തളിപ്പറമ്പിലെ ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെയാണ് ഭരണം സി.പി.എമ്മിന്റേതാണോ യുഡി.എഫിന്റെതാണോ എന്ന് കോമത്തിനെ പോലുള്ളവര്‍ക്ക് സംശയം തോന്നുന്നത്. ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനകീയഭരണം എന്ന് തന്നെ പറയാം.

മല്‍സരിച്ചതും വിജയിച്ചതും രാഷ്ട്രീയകക്ഷികളുടെ ബാനറിലാണെങ്കിലും വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതാണെന്ന് അറിയാത്തവരല്ല ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളത്.

മുതിര്‍ന്ന രാഷ്ട്രീയനേതാവായ പുല്ലായിക്കൊടി ചന്ദ്രനോട് ഉണ്ടായ അഭിപ്രായവ്യത്യാസം വ്യക്തിപരമായ രീതിയിലേക്ക് കൊണ്ടുവരുന്ന വിധത്തിലാണ് കോമത്ത് മുരളീധരന്റെ ശബ്ദസന്ദേശം.

രാഷ്ട്രീയമായി കോമത്ത് മുരളീധരന്‍ കൂടുതല്‍പക്വത കാണിക്കണമെന്നാണ് മുഖംനോക്കാതെ പറയുന്നത്.

തളിപ്പറമ്പിലെ രാഷ്ട്രീയരംഗത്ത് ഭരണകക്ഷിയായ സി.പി.ഐയുടെ ജില്ലാ നേതാവെന്ന നിലയില്‍ തിളങ്ങിനില്‍ക്കാനുള്ള അവസരം കളയുന്ന രീതിയിലാണ് അപക്വമായ ഇത്തരം പ്രതികരണങ്ങള്‍.

പ്രതിപക്ഷ അംഗമാണെങ്കിലും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെന്ന  നിലയില്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് പുല്ലായിക്കൊടി ചന്ദ്രന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

തന്റെ മരണംവരെ പുല്ലായിക്കൊടി ചന്ദ്രന് മൈലേജ് കൊടുക്കുന്ന ഒരു പ്രവര്‍ത്തനങ്ങളും അംഗീകരിക്കില്ല എന്നാണ് കോമത്ത് മുരളീധരന്‍ പറയുന്നത്.

അദ്ദേഹത്തിന്റെ വ്യക്തിപരമായ വിദ്വേഷമാണ് ഇതിലൂടെ വെളിവാകുന്നത്.

പുല്ലായിക്കൊടി ചന്ദ്രന്‍ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനെന്ന നിലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നല്ലകാര്യങ്ങളില്‍  അദ്ദേഹത്തിന് മൈലേജ് ലഭിക്കുന്നതിലുള്ള വൈരാഗ്യമാണ് ശബ്ദസന്ദേശത്തില്‍ കാണുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ കോമത്ത് മുരളീധരന്‍ പരിഭവിച്ചിട്ട് കാര്യമില്ല.