പരിയാരം: ഓട്ടോറിക്ഷയില്‍ യാത്രചെയ്ത സ്ത്രീകളെ തടഞ്ഞുനിര്‍ത്തി അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ച ബസ് ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.
രാമപുരം കൊത്തിക്കുഴിച്ചപാറയിലെ പ്രകാശന്റെ പേരിലാണ് കേസ്. ഇന്നലെ രാത്രി 7.15 ന് അമ്പലം റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഏഴോം കണിയാട്ട് വീട്ടില്‍ എം.പുരുഷോത്തമന്റെ ഭാര്യ കെ.രമ്യയുടെ(46)പരാതിയിലാണ് കേസ്.
പിലാത്തറില്‍ നിന്ന് പഴയങ്ങാടിയിലേക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന രമ്യയേയും കൂടെയുള്ളവരേയും പിന്തുടര്‍ന്നു വന്ന പ്രകാശന്‍ അമ്പലം റോഡില്‍ ഒരാള്‍ ഇറങ്ങിയപ്പോഴാണ് ഓട്ടോ തടഞ്ഞുനിര്‍ത്തി യാത്രക്കാരായ സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ചത്.
ബസില്‍ യാത്ര ചെയ്യാതെ ഓട്ടോയില്‍ യാത്ര ചെയ്ത വിരോധത്തിലാണ് വാഹനം തടഞ്ഞുനിര്‍ത്തി യാത്ര ചെയ്യാനുള്ള അവകാശം നിഷേധിക്കുകയും വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തത്.
കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന വൈകുന്നേരങ്ങളില് പഴയങ്ങാടിയില്‍ എത്താന്‍ യാത്രക്കാര്‍ ഷെയര്‍ ഓട്ടോ പിടിച്ചാണ് പോകാറ് പതിവ്.
ഇതില്‍ പ്രകോപിതനായാണ് പ്രകാശന്‍ ഇവരെ തടഞ്ഞ് വീഡിയോ ചിത്രികരിച്ചതെന്നാണ് പരാതി.