പുതിയമുഖത്തോടെ കറപ്പക്കുണ്ടില്‍ പൂന്തോട്ടവും ഇരിപ്പിടങ്ങളും ഒരുങ്ങുന്നു-
തളിപ്പറമ്പ്: രണ്ട് വര്‍ഷം മുമ്പ് ആളുകള്‍ തിരിഞ്ഞുനോക്കാന്‍ മടിച്ചിരുന്ന മാലിന്യകേന്ദ്രം ഇനി നാടിന്റെ സായാഹ്നമുഖമായി മാറും.
കരിമ്പം പ്രദേശത്തിന്റെ പുരാതന നീരുറവയും അതിന്റെ സമീപപ്രദേശങ്ങളുമാണ് നവീകരിച്ച് പുതിയ രൂപത്തില്‍ സംരക്ഷിച്ചിരിക്കുന്നത്.
കറപ്പക്കുണ്ട് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഒരുകാലത്ത് നൂറുകണക്കിനാളുകള്‍ ഉപയോഗിച്ചതായിരുന്നുെവങ്കിലും പിന്നീട് മാലിന്യങ്ങള്‍ നിറഞ്ഞ് വിസ്മൃതാവസ്ഥയിലായിരുന്നു.
സ്വാഭാവിക ഉറവ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞുപോയ ഈ ജലാശയം കഴിഞ്ഞ 40 വര്‍ഷമായി ഉപയോഗശൂന്യമായ നിലയിലാണ്.
പരിസ്ഥിതി സംഘടനയായ മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍ താലൂക്ക് വികസന സമിതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 3 വര്‍ഷം മുമ്പ് ആരംഭിച്ച പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സാര്‍ത്ഥകമാവുന്നത്.
മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് കറപ്പക്കുണ്ട് സംരക്ഷണത്തിനായി നഗരസഭാ നിര്‍മ്മാണ വിഭാഗത്തെക്കൊണ്ട് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നുവെങ്കിലും
ഭരണസമിതി മാറിയതിന് ശേഷം പുതിയ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി മുന്‍കൈയെടുത്താണ് 2021-22 വര്‍ഷത്തില്‍ 10 ലക്ഷം രൂപയും 22-23 വര്‍ഷത്തില്‍ 5 ലക്ഷം രൂപയും അനുവദിച്ച് പദ്ധതി ആരംഭിച്ചത്.
പദ്ധതിക്ക് തുക അനുവദിക്കുന്നതില്‍ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനും വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭനും പ്രത്യേകം താല്‍പര്യമെടുത്തിരുന്നു.
നഗരസഭാ നിര്‍മ്മാണ വിഭാഗത്തെക്കൊണ്ട് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും വാര്‍ഡ് കൗണ്‍സിലറുമായ എം.കെ.ഷബിതയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കറപ്പക്കുണ്ട് നവീകരണം പൂര്‍ത്തിയായിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ 10 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിരുന്നത്.
അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ച് രണ്ടാം ഘട്ടത്തില്‍ പുറമെ നിന്ന് ജലാശയത്തിലേക്ക് വീഴുന്ന വെള്ളത്തെ തടഞ്ഞ് ദിശമാറ്റി കരിമ്പംഫാമിലെ പഴയ തോടിലേക്ക് നേരിട്ട് ഒഴുക്കിവിടുകയാണ്.
കൈവരികള്‍ പിടിപ്പിച്ച നടപ്പാതയും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ലൈറ്റുകളും പൂന്തോട്ടവും കൂടി ഒരുക്കപ്പെടുന്നതോടെ കറപ്പക്കുണ്ട് വേറെ ലെവലിലേക്ക് ഉയരും.
പ്രദേശവാസികള്‍ക്ക് സായാഹ്നം ചെലവഴിക്കാനുള്ള ഒരു സ്ഥലമായി കറപ്പക്കുണ്ടിനെ മാറ്റിയെടുക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്ന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷകൂടിയായ എം.കെ.ഷബിത പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലറുടെ കരുതലും കാര്യക്ഷമതയും.
അള്ളാംകുളം വാര്‍ഡ് കൗണ്‍സിലറും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ എം.കെ.ഷബിതയുടെ കരുതലും കാര്യക്ഷമതയുമാണ് കാടുമൂടി കിടന്ന കറപ്പക്കുണ്ടിനെ ഇത്തരത്തില്‍ മാറ്റിയെടുത്തതിന് പിന്നിലെ ചാലകശക്തി.
ആദ്യഘട്ടം നിര്‍മ്മാണത്തില്‍ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കില്‍ പോലും അത് മുഖവിലക്കെടുത്ത് നിരന്തരമായി നടത്തിയ ഇടപെടലുകളാണ് ഈ സ്ഥലത്തെ 12-ാം വാര്‍ഡിലെ ഒരു ആകര്‍ഷകമായ പ്രദേശമാക്കി മാറ്റിയത്.
ഇക്കാര്യത്തില്‍ ഒരു ജനപ്രതിനിധി എങ്ങിനെ ഇടപെടല്‍ നടത്തണമെന്നതിന്റെ മാതൃകയായി മാറിയിരിക്കയാണ് എം.കെ.ഷബിത.
