ഒടുവില്‍ കറപ്പക്കുണ്ട് അമൃത് ചുരത്തി- പ്രദേശത്ത് വിശ്രമകേന്ദ്രം ഒരുക്കാനുള്ള ആലോചനകളുമായി നഗരസഭ.
തളിപ്പറമ്പ്: കാല്‍നൂറ്റാണ്ടിലേറെക്കാലം മാലിന്യങ്ങള്‍ പേറിയ കറപ്പക്കുണ്ട് ഒടുവില്‍ ശുദ്ധജലം ചുരത്തി.
ഒരു കാലത്ത് കരിമ്പം പ്രദേശത്തിന്റെ പ്രകൃതിദത്ത നീരുറവയായിരുന്ന കറപ്പക്കുണ്ട് മാലിന്യവാഹിനിയായി മാറിയത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.
തളിപ്പറമ്പ് നഗരസഭ കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 10 ലക്ഷം രൂപകൊണ്ടാണ് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്.
നല്ലൊരു ശുദ്ധജല ശ്രോതസായി കറപ്പക്കുണ്ടിനെ മാറ്റിയെടുക്കാന്‍ ഈ തുക വളരെ അപര്യാപ്തമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അടിഞ്ഞുകൂടിയ മണ്ണ് മുഴുവനും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയും നേരത്തെ ഉറവയുണ്ടായിരുന്ന സ്ഥലത്തെ വലിയ പാറകള്‍ പൊട്ടിച്ച് നീക്കുകയും ചെയ്തതോടെയാണ് സമൃദ്ധമായ ജലപ്രവാഹമുണ്ടായത്.
വിവരമറിഞ്ഞതോടെ നവീകരണ പദ്ധതിക്ക് മുന്‍കൈയെടുത്ത നഗരസഭാ സ്ഥിരം സമിതി ചെയര്‍പേഴ്‌സനും വാര്‍ഡ് കൗണ്‍സിലറുമായ എം.കെ.ഷബിതയും നാട്ടുകാരം സ്ഥലത്തെത്തി.
ഇവിടെ വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ക്ക് വിശ്രമിക്കാന്‍ പാകത്തിലുള്ള ഒരു ഗ്രാമീണ പാര്‍ക്ക് ഏര്‍പ്പെടുത്താനുള്ള ആലോചനകളിലാണ് നഗരസഭാ അധികൃതര്‍.
ഇതിനായി പ്രദേശത്തെ കുറച്ചുകൂടി ഭൂമി ഏറ്റെടുക്കാനുള്ള ആലോചനകളിലാണ്.
അതോടൊപ്പം കറപ്പക്കുണ്ടിലേക്ക് പുറത്തുനിന്നും മലിനജലം വരാതിരിക്കാനുള്ള പദ്ധതികളും ആവിഷ്‌ക്കരിക്കുന്നുണ്ട്.
