പുനര്‍ജനിക്കുമോ ഒരു ദേശത്തിന്റെ നീരുറവ—കറപ്പക്കുണ്ട് സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കമായി

തളിപ്പറമ്പ്: ഒരു ദേശത്തിന്റെ നീരുറവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി.

കരിമ്പം പ്രദേശത്തിന്റെ നീരുറവയെന്നറിയപ്പെട്ടിരുന്ന പൗരാണികമായ കറപ്പക്കുണ്ട് മാലിന്യങ്ങള്‍ നിറഞ്ഞ് വിസ്മൃതാവസ്ഥയിലായിരുന്നു.

സ്വാഭാവിക ഉറവ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞുപോയ ഈ ജലാശയം കഴിഞ്ഞ 40 വര്‍ഷമായി ഉപയോഗശൂന്യമായ നിലയിലാണ്.

പരിസ്ഥിതി സംഘടനയായ മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍ താലൂക്ക് വികസന സമിതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 3 വര്‍ഷം മുമ്പ് ആരംഭിച്ച പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സാര്‍ത്ഥകമാവുന്നത്.

മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് കറപ്പക്കുണ്ട് സംരക്ഷണത്തിനായി നഗരസഭാ നിര്‍മ്മാണ വിഭാഗത്തെക്കൊണ്ട് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും വാര്‍ഡ് കൗണ്‍സിലറുമായ എം.കെ.ഷബിതയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ പുതിയ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 10 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇന്നലെ എം.കെ.ഷബിതയുടെ അധ്യക്ഷതയില്‍ ആലോചനായോഗം ചേര്‍ന്ന് സംരക്ഷണ പദ്ധതി വിലയിരുത്തി.

ആദ്യകാലത്ത് ചവനപ്പുഴ മുണ്ടോട്ട് ഇല്ലത്തിന്റെ ഉടമസ്ഥയിലുണ്ടായിരുന്ന ഭൂമി വ്യാപകമായി കയ്യേറിയിട്ടുണ്ടെങ്കിലും റീസര്‍വേ പൂര്‍ത്തിയാക്കി സ്ഥലങ്ങള്‍ വീണ്ടെടുത്ത് പദ്ധതി ആരംഭിക്കാന്‍ ഏറെ തടസങ്ങള്‍ ഉള്ളതിനാല്‍ നിലവിലുള്ള സ്ഥലം ഉപയോഗപ്പെടുത്തി കറപ്പക്കുണ്ട് സംരക്ഷിക്കാന്‍ യോഗം തീരുമാനിച്ചു.

പുറമെ നിന്ന് ജലാശയത്തിലേക്ക് വീഴുന്ന വെള്ളത്തെ തടയാന്‍ കഴിഞ്ഞാല്‍ മാത്രമേ കറപ്പക്കുണ്ടിനെ സ്വാഭാവികത നിലനിര്‍ത്തി സംരക്ഷിക്കാന്‍ കഴിയൂ എന്നതിനാല്‍ അതിന് മുന്‍ഗണന നല്‍കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ മാത്രമേ നടത്താവൂ എന്ന് യോഗം നിര്‍ദ്ദേശിച്ചു.

വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മണ്ണ് പുറത്തെടുക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടക്കുക. നഗരസഭാ കൗണ്‍സിലര്‍ സി.മുഹമ്മദ് സിറാജ് ഉള്‍പ്പെടെ നിരവധി നാട്ടുകാരും യോഗത്തില്‍ പങ്കെടുത്തു.