ദുര്‍വാശി വേണ്ട, ഇനിയും ഉയരം കൂട്ടും, എവിടെ വേണമെങ്കിലും പരാതി കൊടുത്തോ-കരുതലും കൈത്താങ്ങും പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭീഷണി.

തളിപ്പറമ്പ്: കരുതലും കൈത്താങ്ങും വെറും പ്രഹസനമായി, പരാതിയില്‍ തീരുമാനമെടുക്കുന്നത് അട്ടിമറിച്ച് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റിന്റെ ഇടപെടല്‍.

ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് കരുതലും കൈത്താങ്ങും പരിപാടിക്കിടെയായിരുന്നു തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം പ്രാദേശിക നേതാവുമായ സി.എം.കൃഷ്ണന്റെ ഇടപെടല്‍.

ബ്ലോക്ക് പഞ്ചായത്ത് അമിതമായ ഉയരത്തില്‍ മതില്‍ നിര്‍മ്മിച്ച് വീട്ടുകാര്‍ക്ക് കാറ്റും വെളിച്ചവും കടന്നുവരുന്നത് നിഷേധിച്ചതിനെതിരെ നല്‍കിയ പരാതി പഗിഗണിക്കവെയായിരുന്നു സംഭവം.

പൊളിഞ്ഞുകിടക്കുന്ന അപകടാവസ്ഥയിലുള്ള മതില്‍ പുനര്‍നിര്‍മ്മിക്കാന്‍ പരാതി നല്‍കിയ വിരോധത്തിന് അമിതമായ ഉയരത്തില്‍  പ്രതികാരമതില്‍ നിര്‍മ്മിച്ച് കാറ്റും
വെളിച്ചവും തടയുകയായിരുന്നു.

കരുതലും കൈത്താങ്ങും പരിപാടിയില്‍ ടോക്കണ്‍ നമ്പര്‍ 127 ആയി KNR/0206/T/82437 പരാതി പരിഗണിക്കവെയായിരുന്നു എ.ഡി.എം.സി.പത്മചന്ദ്രക്കുറുപ്പിന്റെ സാന്നിധ്യത്തില്‍ സംഭവം നടന്നത്.

എ.ഡി.എം പരാതി വായിച്ചു വിശദീകരണം തേടവെയാണ് സി.എം.കൃഷ്ണന്‍ ഇടപെട്ടത്.

ദുര്‍വാശി നടക്കില്ലെന്നും, ഇനിയും ഉയര്‍ത്തിമതില്‍ നിര്‍മ്മിക്കുമെന്നും എവിടെ വേണമെങ്കിലും പരാതി കൊടുത്തോ എന്നുമായിരുന്നു എ.ഡി.എമ്മിന്റെ സാന്നിധ്യത്തില്‍ കൃഷ്ണന്‍ ഭീഷണി സ്വരത്തില്‍ സംസാരിച്ചത്.

കാര്യങ്ങളുടെ ഗൗരവം എ.ഡി.എമ്മിന് ബോധ്യപ്പെട്ടുവെങ്കിലും ഈസ്‌മെന്റ് അവകാശങ്ങളുടെ ലംഘനം മനസിലായിട്ടും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടെറിയെയേും വില്ലേജ് ഓഫീസറേയും ഇത് സംബന്ധിച്ച് സംസാരിക്കാന്‍ ചുമതലപ്പെടുത്തിക്കൊണ്ട് വെറുതെ ഒരു തീരുമാനമെടുത്ത് എ.ടി.എമ്മിന് പിന്‍വാങ്ങേണ്ടി വന്നു.

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പൊതുജനപരാതി പരിഹാര പരിപാടി ജനപ്രതിനിധി തന്നെ ഇടപെട്ട് അട്ടിമറിച്ചെന്നാരോപിച്ച് പരാതിക്കാരനായ കെ.പി.രാജീവന്‍ മുഖ്യമന്ത്രിക്ക് അടിയന്തിര പരാതി അയച്ചു.