കാശ്മീരിയുടെ നുഴഞ്ഞുകയറ്റം സേനാകേന്ദ്രങ്ങളെ ഞെട്ടിച്ചു.

പയ്യന്നൂര്‍: കാശ്മീര്‍ ബാരാമുള്ള സ്വദേശി ഏഴിമല നാവിക അക്കാദമി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും നാവികസേനാ വിഭാഗവും അന്വേഷണം ആരംഭിച്ചു.

പട്ടാപ്പകല്‍ കാശ്മീരില്‍ നിന്നുള്ള ഒരാള്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ നാവിക അക്കാദമി കേന്ദ്രത്തിലേക്ക് നുഴഞ്ഞുകറിയത് സേനാകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കയാണ്.

നാവിക അക്കാദമിയില്‍ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരഭാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസിനെയാണ്(21) സുരക്ഷാ വിഭാഗം പിടികൂടിയത്. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം.

ഉച്ചക്ക് രണ്ടരയോടെ ഇയാളെ നേവല്‍ അക്കാദമി അധികൃതര്‍ പയ്യന്നൂര്‍ പോലീസിന് കൈമാറി.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ മുംബൈയില്‍ ജോലിചെയ്തുവരുന്ന മുഹമ്മദ് മുര്‍ത്താസ് നേവിയില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ടോ എന്ന് അറിയാന്‍ എത്തിയതാണെന്നാണ് വെളിപ്പെടുത്തിയത്.

മുംബൈയില്‍ അന്വേഷിച്ചാല്‍ പോരേ എന്ന ചോദ്യത്തിന് അവിടെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതലാണെന്നും ഇവിടെ സുരക്ഷ കുറവാണെന്ന് മനസിലാക്കിയതിനാലാണ് എത്തിയതെന്നുമായിരുന്നു ഇയാളുടെ മറുപടിയെന്ന് പോലീസ് പറഞ്ഞു.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്ത മുഹമ്മദ് മുര്‍ത്താസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.