സംവിധായന്‍ ശശികുമാര്‍ വില്ലന്‍ വേഷത്തിലെത്തിയ സിനിമ-കാട്ടുമൈന @60.
മെരിലാന്റ് സ്റ്റുഡിയോ നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ച് എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത് 60 വര്‍ഷം മുമ്പ് ഒരു തിരുവോണനാളില്‍ 1963 ആഗസ്ത്-31 ന് റിലീസ്‌ചെയ്ത സിനിമയാണ് കാട്ടുമൈന.
പ്രേംനസീര്‍, ജോസ് പ്രകാശ്, ഷീല, കെ.വി.ശാന്തി, മുതുകുളം രാഘവന്‍ള്ള, സി.എല്‍.ആനന്ദന്‍, ശശികുമാര്‍, മുട്ടത്തറ സോമന്‍, വിജയലളിത, രാജശ്രീ, എസ്.പി.പിള്ള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
നാഗവള്ളി ആര്‍.എസ്.കുറുപ്പാണ് കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചത്.
എ.വിട്ടല്‍റാവു ക്യാമറയും എന്‍.ഗോപാലകൃഷ്ണന്‍ എഡിറ്റിഗും നിര്‍വ്വഹിച്ചു.
എ.കുമാരസ്വാമി ആന്റ് കമ്പനി വിതരണത്തിനെത്തിച്ച സിനിമയുടെ കലാസംവിധാനം എം.വി.കൊച്ചാപ്പുവും പരസ്യം കെ.ബാലനും കൈകാര്യം ചെയ്തു.
ഈ സിനിമയുടെ സഹസംവിധായനായ പ്രമുഖ സംവിധായകന്‍ ശശികുമാര്‍ പ്രധാനവേഷത്തില്‍ സിനിമയില്‍ അഭിനയിച്ചു.
കഥാസംഗ്രഹം.
തേന്മലക്കാര്‍, വന്മലക്കാര്‍ എന്നീ രണ്ടു കാട്ടുവര്‍ഗ്ഗക്കാര്‍ കാടും കാട്ടാറുകളും വന്യമൃഗങ്ങളും നിറഞ്ഞ മലകളില്‍ പട്ടണപ്പരിഷ്‌കാരത്തിന്റെ അതിപ്രസരത്തില്‍ നിന്നും ഒഴിഞ്ഞ് താമസിക്കുകയാണ്. തേന്മലക്കൂട്ടത്തിലെ മൂത്തോരായ മാര്‍ത്താണ്ഡനരയന്(ജോസ് പ്രകാശ്) മൈനയെന്നൊരു വളര്‍ത്തുമകളും(ഷീല) വന്മലക്കൂട്ടത്തിന്റെ നായകനായ ആധിച്ചനരയന്(ശശികുമാര്‍) വീരനെന്ന മകനും(പ്രേംനസീര്‍) നീലിയെന്ന(കെ.വി.ശാന്തി) അനന്തിരവളും ഉണ്ട്. മൈനയും നീലിയും സുഹൃത്തുക്കളാണ്. മൈനയുടെ ഹൃദയം കവര്‍ന്ന വീരന്‍ അവളുമായി പ്രണയത്തിലാണ്. അങ്ങനെ കഴിയുമ്പോള്‍ തേന്മലക്കാരും വന്മലക്കാരും തമ്മില്‍ ഒരു വാക്കുതര്‍ക്കവും തുടര്‍ന്നൊരു സംഘട്ടനവുംനടക്കുകയും അതില്‍ ഒരു തേന്മലക്കാരന്റെ മരണവും സംഭവിക്കുന്നു. ഇതേതുടര്‍ന്ന് പരസ്പരമുള്ള എല്ലാ സമ്പര്‍ക്കങ്ങളും അവസാനിപ്പിക്കുവാന്‍ തലവന്മാര്‍ ഉത്തരവു നല്‍കിയെങ്കിലും അനുരാഗബദ്ധരായിരുന്ന മൈനയും വീരനും തമ്മില്‍ രഹസ്യമായി കണ്ടുമുട്ടിയിരുന്നു. ജിയോളജി ബിരുദം നേടിയ പ്രഭാകരനെന്ന യുവാവ്(ആനന്ദന്‍) അഭ്രഖനി തേടി ആ വനഭൂമിയില്‍ എത്തുന്നു. യാത്രാമദ്ധ്യേ തെന്മലകൂട്ടത്തിലെ പൂജാരിയെ(മുതുകുളം) മരണത്തില്‍ നിന്നും രക്ഷിച്ചതു മൂലം ആ കൂട്ടത്തില്‍ താമസിക്കുവാന്‍ ഇടം കിട്ടി. പ്രഭാകരനോട് സഹോദരനിര്‍വിശേഷമായ സ്‌നേഹം തോന്നിയ മൈന അയാള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തു. വന്മലയില്‍ അഭ്രമുണ്ടെന്ന് മനസ്സിലാക്കി അവിടെയെത്തിയ പ്രഭാകരന്‍ അപകടത്തിപ്പെട്ടപ്പോള്‍ സഹായത്തിനെത്തിയ നീലിയില്‍ അനുരക്തനായി. തേന്മലയിലാണ് പ്രഭാകരന്‍ താമസിക്കുന്നതറിഞ്ഞ് വന്മലക്കാര്‍ അയാളെ തടവിലാക്കി. മൈനയുടെ അപേക്ഷപ്രകാരം വീരന്‍ പ്രഭാകരനെ രക്ഷിക്കുന്നു. തങ്ങള്‍ക്കു സംഭവിച്ച പരാജയം നീലി മൂലമാണെന്ന് കരുതി അവളെ അവര്‍ തടവിലാക്കി. പ്രഭാകരനും മൈനയുമായുള്ള മമതയെ വീരന്‍ തെറ്റിദ്ധരിച്ച് ഇഷ്ടകാമുകിയോട് പിണങ്ങിപ്പിരിഞ്ഞു. മൈന ഏകയായി ശത്രുതാവളത്തില്‍ കഴിയുന്ന കളിത്തോഴി നീലിയെ രക്ഷിക്കുന്നു. മൈനയുടേ കഴുത്തില്‍ കിടന്ന പതക്കത്തില്‍ നിന്നും അവള്‍ പ്രഭാകരന്റെ സഹോദരിയാണെന്ന് വെളിവായി. ഇരു വിഭാഗവും സംഘര്‍ഷം അവസാനിപ്പിക്കുകയും പ്രണയിച്ചവര്‍ വിവാഹിതരാവുകയും ചെയ്യുന്നതോടെ കാട്ടുമൈന അവസാനിക്കുന്നു.
ഗാനങ്ങള്‍(തിരുനായിനാര്‍കുറിച്ചി മാധവന്‍നായര്‍, സംഗീതം-ബ്രദര്‍ ലക്ഷ്മണ്‍).
1-കാട്ടുകുറിഞ്ഞി കാട്ടുകുറിഞ്ഞി-പി.സുശീല.
2-കാവിലമ്മേ-കമുകറ.
3-കഴുത്തില്‍ ചിപ്പിയും-പി.ലീല, രേണുക.
4-മായപ്പെട്ടിയുണ്ട്-മെഹബൂബ്.
5-മലമുകളില്‍ മാമരത്തില്‍-കമുകറ.
6-നാണത്താല്‍-കമുകറ,ഗ്രേസി.
7-നല്ല നല്ല കയ്യാണല്ലോ-പി.ലീല.
8-പാടാന്‍ ചുണ്ട്-പി.ലീല.
9-വാ വാ വനരാജാവേ-കെ.പി.ഉദയഭാനു, പി.സുശീല.
