മോഷ്ടാക്കളെ പിടിക്കാന്‍ സഹായം നല്‍കിയ തളിപ്പറമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ആന്ധ്രാ സര്‍ക്കാറിന്റെ അംഗീകാരം
തളിപ്പറമ്പ്: ആന്ധ്രാപ്രദേശിലെ ദേശീയ പാതയില്‍ വാഹനം തടഞ്ഞ് 1.89 കോടി കവര്‍ന്ന കേസിലെ പ്രതികളെ പിടിക്കാന്‍ സഹായകരമായ വിവരം നല്‍കിയ കേരള സിവില്‍ പോലീസ് ഓഫീസര്‍ക്ക് ആന്ധ്രാ പോലീസിന്റെ അംഗീകാരം.

തളിപ്പറമ്പ് പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.പി.സജിത്തിനാണ് ആന്ധ്രാ പോലിസ് അംഗീകാരപത്രം സമ്മാനിച്ചത്.
കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി എം.ഹേമലത അംഗീകാരപത്രം കൈമാറി.
മാര്‍ച്ച് 23-ന് രാപ്പൊലി സ്റ്റേഷന്‍ പരിധിയില്‍ കാര്‍ തടഞ്ഞാണ് പണം കവര്‍ന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ പ്രതികളെ പിടികൂടാന്‍ ഓപ്പറേഷന്‍ അനന്ത എന്ന പേരില്‍ ആരംഭിച്ച അന്വേഷണം ശക്തമാക്കിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടയിലാണ് സുജിത്തിന് കവര്‍ച്ചാ സംഘത്തെക്കുറിച്ച് ചില വിവരങ്ങല്‍ ലഭിച്ചത്.
ഇതില്‍ വ്യക്തത വരുത്തിയ ശേഷം ആന്ധ്ര പോലീസ് മേധാവിക്ക് കൈമാറി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗസംഘം പിടിയിലായത്.
എറണാകുളത്തെ കൊളപ്പുറത്ത് അബു നിഷാദ്(40), കോട്ടയത്തെ ജാക്‌സണ്‍ ഫിലിപ്പ്്(29), ആലപ്പുഴയിലെ കണ്ണന്‍ റിയാഗു(25), വടകരയിലെ ഒതാവത്ത് ഷമീം(38) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് 1.89 കോടി രൂപയും അഞ്ച് മൊബൈല്‍ഫോണുകളും 13 വ്യാജ നമ്പര്‍ പ്ലേറ്റുകളും ആന്ധ്ര പോലീസ് പിടിച്ചെടുത്തിരുന്നു.
