കേശവതീരത്ത് പൂര്‍ണ്ണകായ കഥകളി ശില്പമൊരുങ്ങി-നീലമനയില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കരവിരുത്-
പിലാത്തറ:പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ നിലവിളക്കിന് മുമ്പില്‍ കഥകളി പൂര്‍ണ്ണകായ ശില്പമൊരുങ്ങി.
കോണ്‍ക്രീറ്റില്‍ പണിതുയര്‍ത്തിയ കഥകളി ശില്പം യഥാസ്ഥാനത്ത് തനതായ ചായം പൂശി മിനുക്കിയതോടെ ജീവന്‍ തുടിക്കുന്ന വിധത്തില്‍ ആകര്‍ഷകമായി.
എരമം പേരൂല്‍ സ്വദേശി നീലമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് തന്റെ കലാവിരുതില്‍ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ ശില്പം ഒരുക്കിയത്.
പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഓഫീസ് ജീവനക്കാരനായുള്ള ജോലി സമയത്ത് ഒഴിവ് സമയങ്ങളിലാണ് ശില്പനിര്‍മ്മാണത്തില്‍ മുഴുകിയത്.
സിമന്റ് ചാന്തും കമ്പിയും ചേര്‍ന്ന നിര്‍മ്മിതി കൈക്ക് വഴങ്ങുമെന്ന് തോന്നിയപ്പോള്‍ നിര്‍മ്മാണത്തില്‍ മുഴുകുകയായിരുന്നു. നിലവിളക്കിന്റെ മുമ്പില്‍ തെളിഞ്ഞു നില്ക്കുന്ന കഥകളി രൂപം മനസ്സില്‍ വന്നു.
വര്‍ണ്ണവിന്യാസങ്ങള്‍ ഏറെ പ്രകടമായ പച്ചവേഷം തന്നെയാകാമെന്ന് കരുതി. അങ്ങനെ രുഗ്മാംഗദ രാജാവിന്റെ ശില്പം രൂപം കൊണ്ടു.
ഒരാളുടെ പൂര്‍ണ്ണവലുപ്പത്തില്‍ രണ്ടര ചാക്ക് സിമന്റ്, എട്ട് കിലോഗ്രാം കമ്പി, വയര്‍, മെറ്റല്‍, മണല്‍ എന്നിവ ഉപയോഗിച്ചാണ് പണിതീര്‍ത്തത്.
ഔപചാരികമായ പരിശീലനം ഒന്നുമില്ലാതെ ശില്‍പം നിര്‍മ്മിക്കാന്‍ കഴിഞ്ഞത് ഈശ്വരാനുഗ്രഹമെന്ന് നമ്പൂതിരി വിശ്വസിക്കുന്നു.
അമ്പലത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ തന്റെ സൃഷ്ടി കേശവതീരത്ത് കൊണ്ട് വന്ന് സ്ഥാപിച്ച് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കണമെന്ന തന്റെ ആഗ്രഹം മാനേജിംഗ് ട്രസ്റ്റി വെദിരമന വിഷ്ണു നമ്പൂതിരിയുമായി പങ്കുവെക്കുകയായിരുന്നു.
പ്രത്യേക ഓട്‌മേഞ്ഞ കൂടാരത്തില്‍ സ്ഥാപിച്ച് അവസാന മിനുക്കുപണിയും ചെയ്തതോടെ ജീവന്‍ തുടിക്കുന്ന കാഴ്ചയായി.
ശനിയാഴ്ച രാവിലെ 10 മണിക്ക് കേശവതീരം സൗഹൃദവേദിയും കവി മണ്ഡലവും ചേര്‍ന്ന് ഒരുക്കുന്ന ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ.
ശില്പം അനാച്ഛാദനം ചെയ്യും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ മുഖ്യാതിഥിയാകും.
ചടങ്ങില്‍ കടത്തനാട്ട് ഉദയവര്‍മ്മ രാജപുരസ്‌കാരം ലഭിച്ച പ്രൊഫ: മുഹമ്മദ്അഹമ്മദ്, ശില്പി നീലമന നാരായണന്‍ നമ്പൂതിരി,
2021ലെ കവി മണ്ഡലം സുഗതകുമാരി കവിതാ പുരസ്‌കാര ജേതാവ് ഡോ:എ.എസ്.പ്രശാന്ത്കൃഷ്ണന്‍, പ്രത്യേക പുരസ്‌കാര ജേതാവ് എന്‍.എസ്.സുമേഷ് കൃഷ്ണന്‍ എന്നിവരെ ആദരിക്കും.