ഗര്‍ഭിണിയായ യുവതിയുടെ മരണം-ഖത്തീബിന്റെ പ്രസംഗം വൈറലായി.

തളിപ്പറമ്പ്: ഡോക്ടര്‍ക്ക് വിനോദയാത്ര പോകാന്‍ 16 ഗര്‍ഭിണികളെ മരുന്ന് നല്‍കി നേരത്തെ പ്രസവിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം.

കഴിഞ്ഞ ദിവസം പ്രസവത്തിനിടയില്‍ മരണപ്പെട്ട 28 കാരിയെ അനുസ്മരിച്ച് തളിപ്പറമ്പ് കാക്കാഞ്ചാല്‍ ജുമാ മസ്ജിദ് ഖത്തീബ് നജീബ് ബാഖവി നടത്തിയ പ്രസംഗത്തിലാണ് ഗുരുതരമായ ആരോപണം.

പ്രസംഗത്തിന്റെ ഓഡിയോ ഇപ്പോള്‍ വൈറലായിരിക്കയാണ്. ഡോക്ടര്‍ക്ക് വിനോദയാത്ര പോകാന്‍ വേണ്ടി പ്രസവത്തിന് സമയമാകാത്ത 16 ഗര്‍ഭിണികളെ വിളിച്ചു വരുത്തി പ്രസവവേദന വരാന്‍ ഡോക്ടര്‍ ഒന്നിച്ച് മരുന്ന് നല്‍കിയതായാണ് ആരോപണം.

കൂടാതെ ചികിത്സാരംഗത്തെ അനീതികള്‍ക്കെതിരെയും ശക്തമായ വിമര്‍ശനമാണ് ഖത്തീബ് ഉന്നയിച്ചിരിക്കുന്നത്.

ജീവിതത്തില്‍ ഇന്നേവരെ അപസ്മാരം ഉണ്ടായിട്ടില്ലാത്ത മരിച്ച ഗര്‍ഭിണിയുെട ബന്ധുക്കളോട് അപസ്മാരം ഉണ്ട് അല്ലേ എന്ന് ആശുപത്രി അധികൃതര്‍ ചോദിച്ചതായും ഖത്തീബ് പറയുന്നു.

മകളുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പേരില്‍ വെട്ടിമുറിക്കേണ്ടെന്ന് കരുതിയാണ് പരാതിയില്ലാതെ പിന്‍മാറിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായും പ്രസംഗത്തില്‍ പറയുന്നു.

നഗരത്തിലെ ഒരു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെതിരെയാണ് ആരോപണം.

ഖത്തീബിന്റെ പ്രസംഗം ആയിരക്കണക്കിനാളുകളാണ് വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ഹൃദയസ്പര്‍ശിയായ രീതിയിലാണ് ഖത്തീബ് നജീബ് ബാഖവി ഇത് സംബന്ധിച്ച് സംസാരിക്കുന്നത്.