പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
പരിയാരം:വിളയാങ്കോട് കുളപ്പുറത്ത്
പട്ടാപ്പകല്‍ കടയില്‍ ഇരുന്ന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.
പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം.
ശനിയാഴ്ച്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം.
വീടിന് സമീപം അച്ഛന്‍ നടന്നുന്ന കടയില്‍ കച്ചവടത്തിന് ഇരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വെള്ള കാറിലെത്തിയ ആള്‍ സിഗരറ്റ് ചോദിച്ചാണ് കടയിലെത്തിയത്.
ഇല്ലെന്ന് പറഞ്ഞപ്പോള്‍ തിരിച്ച് കാറിനടുത്ത് എത്തിയ ആള്‍ മടങ്ങി വന്ന് മിഠായി ചോദിക്കുകയും എടുത്ത് കൊടുത്ത ഉടനെ പെണ്‍കുട്ടിയുടെ രണ്ട് കൈകളും ചേര്‍ത്ത് പിടിച്ച് വലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കവെ തൂക്കിയിട്ട പഴക്കുലയില്‍ ബലമായി പിടിച്ചാണ് കുട്ടി രക്ഷപ്പെട്ടത്.
ഈ സമയം കാറില്‍ ഇരുന്ന മറ്റൊരാള്‍ ആരോ റോഡിലൂടെ വരുന്നതായി പറഞ്ഞതോടെ പെണ്‍കുട്ടിയെ വിട്ട് ഇവര്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു.
വൈകുന്നേരമാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്.
പരിയാരം പോലീസില്‍ നല്‍കിയ പരാതി പ്രകാരം രാത്രി തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
സി സി ടി വി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാറിനെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് നാട്ടുകാരെ ഞെട്ടിച്ചിരിക്കയാണ്.
