കേരള രാഷ്ട്രീയത്തില്‍ നേതൃത്വപാടവം കൊണ്ട് ആദരണീയനായ നേതാവായിരുന്നു കെഎം.മാണി: ബിഷപ്പ്.ഡോ.അലക്‌സ് വടക്കുംതല.
കണ്ണൂര്‍: 1965 മുതല്‍ പാലാ അസംബ്ലി മണ്ഡലം തുടര്‍ച്ചയായി 2019 ഏപ്രില്‍ 9ന് ദിവംഗതനാകുന്നത് വരെ അര നൂറ്റാണ്ടിലധികം പ്രതിനിധാനം ചെയ്ത കെ.എം.മാണി കേരള രാഷ്ട്രീയത്തില്‍ നേതൃത്വ
പാടവം കൊണ്ട് ആദരണീയനായ നേതാവായിരുന്നുവെന്ന് കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല.
അധ്വാനവര്‍ഗ സിദ്ധാന്ത പഠനവേദി കണ്ണൂര്‍ പാവനാത്മാ പ്രൊവിന്‍ഷ്യാല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ
സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
18 കൊല്ലകാലം വിവിധ കേരള മന്ത്രിസഭകളില്‍ പല സുപ്രധാന വകുപ്പുകളുടേയും ഉത്തരവാദിത്വം വഹിച്ചത് വഴി അദ്ദേഹം
നേടിയെടുത്ത അറിവും പരിചയ സമ്പന്നതയും കേരള ജനതയ്ക്ക് എന്നും പ്രയോജനകരമായി ഭവിച്ചിട്ടുണ്ട്.
മരണം വരെ അദ്ദേഹം ജനങളുടെ ഇടയില്‍ ജനങ്ങളോടൊപ്പം നിന്ന മഹാനാണ്. വേദനിക്കുന്നവരോടുള്ള കരുതല്‍ ഇത്രയധികം കാത്തു
സൂക്ഷിച്ച ഒരു രാഷ്ട്രീയ നേതാവിനെ കേരളത്തില്‍ കണ്ടെത്താന്‍ പ്രയാസമാണ്.
അദ്ദേഹത്തിന്റെ നിയമസഭ പ്രസംഗങ്ങള്‍ വാചക കസര്‍ത്തുകളോ മൈതാന പ്രസംഗങ്ങളോ ആയിരുന്നില്ല. ഒരു ജനകീയ നേതാവ് എന്നത്
പോലെ തന്നെ ഒരു സൈദ്ധാന്തികനുമായിരുന്നു മാണി സാര്‍, അതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ അധ്വാനവര്‍ഗ്ഗ സിദ്ധാന്തമെന്നും ബിഷപ്പ് പറഞ്ഞു.
പാവനാത്മ പ്രൊവിന്‍സ്ഷ്യാല്‍ ഫാ.സ്റ്റീഫന്‍ ജയരാജ് അദ്ധ്യക്ഷത വഹിച്ചു.
പ്രഫ: മുഹമ്മദ് അഹമ്മദ്, തലശേരി സോഷ്യല്‍ സര്‍വീസസ് ഡയരക്ടര്‍ ഫാ.ബെന്നി നിരപ്പേല്‍, ചൂരായി ചന്ദ്രന്‍, പി.കെ.പ്രേമരാജന്‍, ഡോ:വിജയന്‍ ചാലോട്, ടി.പി.ആര്‍.നാഥ് എന്നിവര്‍ പ്രസംഗിച്ചു.
അധ്വാന വര്‍ഗ്ഗ സിദ്ധാന്ത പഠന വേദിയുടെ ചെയര്‍മാന്‍ പി.ടി.ജോസ് സ്വാഗതവും മാമച്ചന്‍ പണ്ടാരപ്പാട്ടം നന്ദിയും പറഞ്ഞു.
പ്രത്യാശഭവന്‍, അമലഭവന്‍, ജീവോദയ എന്നീ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് അന്നദാനവും നടത്തി.
