നാളെ കൊച്ചി മെട്രോയില്‍ കയറൂ-20 രൂപക്ക് അര്‍മാദിക്കൂ

കൊച്ചി: കൊച്ചിമെട്രോയുടെ ആറാം പിറന്നാള്‍ നാളെ. കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട നിര്‍മ്മാണം കൂടി തുടങ്ങിയതോടെ പ്രതീക്ഷകള്‍ വാനോളമാണ്.

വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്.

ആറ് വര്‍ഷം മുന്‍പ് മലയാളിക്ക് പരിചിതമല്ലാതിരുന്ന മെട്രോ യാത്ര ഇന്ന് കൊച്ചിക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്.

വിദ്യാര്‍ഥികളും ഐടി ജീവനക്കാരും ഉദ്യോഗസ്ഥരുമുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് ദിനം പ്രതി മെട്രോ ഉപയോഗിക്കുന്നത്.

മെയ് മാസത്തില്‍ ശരാശരി 98766 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്.

മെയ് മാസം 12 ദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം പേരായിരുന്നു യാത്രക്കാര്‍.

മെട്രോയ്ക്ക് പിന്നാലെ എത്തിയ വാട്ടര്‍ മെട്രോയ്ക്കും കിട്ടിയത് മികച്ച പ്രതികരണം.

കൊച്ചിയിലെ വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രോകളില്‍ യാത്ര ചെയ്യാന്‍ യാത്രക്കാരുടെ തിരക്കാണ്.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെട്രോ ട്രെയിനുകളില്‍ ഒരുക്കിയ ‘ചിരി വര’ മെട്രോ പരിപാടി യാത്രക്കാരെ ആകര്‍ഷിച്ചു.

യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചു നല്‍കി.

തെരഞ്ഞെടുത്തവ പിന്നീട് മെട്രോ ട്രെയിനുകളില്‍ പ്രദര്‍ശിപ്പിക്കും.

നാളെ 20 രൂപ മാത്രമാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്.

20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരാള്‍ക്ക് ഒരു തവണ യാത്ര ചെയ്യാം.

2017 ജൂണ്‍ 17-നാണ് കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

നാല് വര്‍ഷമെടുത്താണ് കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായത്.

രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയുടെ പ്രധാന മേഖലകളെ ബന്ധിപ്പിക്കാനും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുമാകുമെന്നാണ് പ്രതീക്ഷ.

വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്‍ ശ്രമം.