പ്രിയ സഖാവിന് വിട-വിലാപയാത്ര തലശേരിയുടെ മണ്ണിലേക്ക്
മട്ടന്നൂര്‍: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് ഉച്ചയ്ക്ക് 1.05 ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി.
വിമാനത്താവളത്തില്‍ സിപിഎം നേതാക്കളായ ഇ.പി.ജയരാജന്, എം.വി.ജയരാജന് തുടങ്ങി ഒട്ടേറെ നേതാക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സില്‍ കയറ്റി കോടിയേരിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ട് തലശ്ശേരിയിലേക്ക് വിലാപയാത്ര ആരംഭിച്ചു.
ഉച്ചയ്ക്ക് 1.45 ന് വിലാപയാത്ര മട്ടന്നൂരില്‍ എത്തി. വന്‍ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയത്.
മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തിയിരുന്നു.
മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര ആംബുലന്‍സ് നിര്‍ത്തിയിരുന്നു.
തുടര്‍ന്ന് ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും.
തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്നത്.
ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ണുരേക്കൊഴുകും.
കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും.