മധുരചുട്ടെരിച്ച കണ്ണകിയുടെയും കോവിലന്റെയും കഥ. കൊടുങ്ങല്ലൂരമ്മ@ 55

ശബരിമല അയ്യപ്പനെക്കുറിച്ചും ഗുരുവായൂരപ്പനെക്കുറിച്ചും ചോറ്റാനിക്കര അമ്മയെക്കുറിച്ചും നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൊടുങ്ങല്ലൂരമ്മ.യെക്കുറിച്ച് മലയാളത്തില്‍ ഒരേയൊരു സിനിമ മാത്രമേ ഉണ്ടായിട്ടുള്ളൂ. 1968 ല്‍ എക്‌സല്‍ പ്രൊഡക്ഷന്‍സിന് വേണ്ടി എം.കുഞ്ചാക്കോ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച കൊടുങ്ങല്ലൂരമ്മ. പ്രേംനസീര്‍, അടൂര്‍ഭാസി, കെ.ആര്‍.വിജയ, തിക്കുറിശി, കൊട്ടാരക്കര,ജോസ് പ്രകാശ്, എസ്.പി.പിള്ള, മണവാളന്‍ ജോസഫ്, കടുവാക്കുളം ആന്റണി, അടൂര്‍ പങ്കജം, ജി.കെ.പിള്ള, ആറന്‍മുള പൊന്നമ്മ, ഗോവിന്ദന്‍കുട്ടി, ജ്യോതിലക്ഷ്മി, പുന്നശേരി കാഞ്ചന, നെല്ലിക്കോട് ഭാസ്‌ക്കരന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ജഗതി എന്‍.കെ. ആചാരി കഥ, തിരക്കഥ, സംഭാഷണം രചിച്ചു. പി.ദത്ത് ക്യാമറയും ഡി.രാമസ്വാമി എഡിറ്റിംഗും നിര്‍വ്വഹിച്ചു. ജെ.ജെ.മിറാന്‍ഡയാണ് കലാസംവിധായകന്‍. വയലാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് കെ.രാഘവന്‍.

കൊടുങ്ങല്ലൂരമ്മയുടെ കഥാസംഗ്രഹം.

ചേര- ചോള-പാണ്ഡ്യ രാജവംശങ്ങള്‍ രാജ്യഭരണം നടത്തിവന്നിരുന്ന കാലം. കാവേരിപ്പൂമ്പട്ടണത്തിലെ കുബേരപുത്രനായ കോവലന്‍ കുലീനയും ശാലീനയുമായ കണ്ണകിയെ പാണിഗ്രഹണം ചെയ്തു. സുന്ദരനും സകല ഗുണസമ്പന്നനുമായ ഭര്‍ത്താവിനോടൊത്തു ജീവിത സുഖം അനുഭവിച്ച കണ്ണകി, പതി ഈശ്വരനാണെന്നു വിശ്വസിച്ചു.
അക്കാലത്തു് മാധവിയെന്ന ഒരു അപ്‌സരകന്യക കലികാല ചോളന്റെ കൊട്ടാരത്തില്‍ നര്‍ത്തകിയായിരുന്നു. മാധവിയുടെ ആകാരഭംഗിയില്‍ കോവലന്റെ മനസലിഞ്ഞുചേര്‍ന്നു. അവളോടൊത്തു ജീവിക്കുവാന്‍വേണ്ടി അയാള്‍ ഭാര്യയേയും കുടുംബസുഖത്തേയും ത്യജിച്ചു. അധികനാള്‍ കഴിയുന്നതിനു മുമ്പ് ആരോഗ്യവും ധനവും നഷ്ടപ്പെട്ട കോവലന്‍ മാധവിയാല്‍ പുറം തള്ളപ്പെട്ട് സ്‌നേഹമയിയായ സ്വഭാര്യയുടെ സമീപമെത്തി. പതിവ്രതയായ കണ്ണകി അദ്ദേഹത്തെ സ്വീകരിച്ചു പരിചരിച്ചു. വേദനയില്‍ ഉരുകിക്കഴിഞ്ഞ കണ്ണകി സന്തോഷാശ്രുക്കള്‍ പൊഴിച്ചു.
അപമാനിതനായ കോവലന്‍ അയല്‍ രാജ്യമായ പാണ്ഡ്യദേശത്തുപോയി കുലത്തൊഴിലായ വാണിജ്യം നടത്തി ജീവികാമെന്നുറച്ചച്ച് കണ്ണകിയോടൊത്ത് അങ്ങോട്ടുപുറപ്പെട്ടു. കവുന്നിയടികള്‍ എന്ന ജൈന സന്യാസിനിയുടെ സഹായത്തോടെ പാണ്ഡ്യരാജ്യതലസ്ഥാനമായ മധുരയിലെത്തി. അവിടുത്തെ പാവപ്പെട്ടവര്‍ കണ്ണകിയെ ഒരു റാണിയെപ്പോലെ സ്വീകരിച്ചു. വ്യവസായത്തിനു പണം നേടുവാന്‍ കോവലന്‍, കണ്ണകിയുടെ മണിച്ചിലമ്പില്‍ ഒന്നു വില്‍ക്കാന്‍ നഗരത്തില്‍ പോയി.
പാണ്ഡ്യരാജാവിന്റെ പട്ടമഹിഷിയുടെ നഷ്ടപ്പെട്ട ചിലമ്പിന്റെ രൂപത്തിലും അളവിലുമായിരുന്ന ചിലമ്പ് കോവലന്റെ കൈവശം കണ്ട രാജകിങ്കരന്മാര്‍ അവനെ രാജാവിന്റെ മുമ്പില്‍ ഹാജരാക്കി. പാണ്ഡ്യന്‍ തന്റെ റാണിയുടെ ചിലമ്പു മോഷ്ടിച്ചവനെ വിചാരണപോലുമില്ലാതെ കൊലക്കളത്തിലേക്കയച്ചു.
ശിരസ്സറ്റ സ്വഭര്‍ത്താവിന്റെ ജഡം കണ്ട് ഹൃദയം തകര്‍ന്ന കണ്ണകി പ്രതികാരമൂര്‍ത്തിയായി മഹാരാജാവിന്റെ സമീപമെത്തി. തന്റെ കൈവശമുള്ള മറ്റേ ചിലമ്പു കാട്ടി നിരപരാധിയായ തന്റെ വല്ലഭന്റെ മരണത്തിനു സമാധാനം ആവശ്യപ്പെട്ടു. ഉഗ്രമൂര്‍ത്തിയായി മാറിയ കണ്ണകിയുടെ കോപാഗ്‌നിയില്‍ മധുരപട്ടണം വെന്തു വെണ്ണീറായി. ഒടുവില്‍ ചോളനാട്ടിലും പാണ്ഡ്യനാട്ടിലും ശാന്തി ലഭിക്കാതിരുന്ന ആ ആത്മാവ് ചേരനാട്ടിലെത്തി. ചേര രാജാവ് കൊടുങ്ങല്ലൂരില്‍ കണ്ണകിയെ പ്രതിഷ്ഠിച്ചു എന്നാണ് കഥ.

ഗാനങ്ങള്‍-

1-ഭദ്രദീപം-എസ്.ജാനകി.
2-കാവേരിപ്പൂമ്പട്ടണത്തില്‍-എം.ബാലമുരളീകൃഷ്ണ, പി.സുശീല.
3-കൊടുങ്ങല്ലൂരമ്മേ-എം.ബാലമുരളീകൃഷ്ണ.
4-മഞ്ജുഭാഷിണി-യേശുദാസ്.
5-നര്‍ത്തകി-യേശുദാസ്, പി.സുശീല.
6-ഋതുകന്യകയുടെ-പി.സുശീല.
7-സ്ത്രീഹൃദയം-പി.ബി.ശ്രീനിവാസ്.
8-ഉദാസ്തമയങ്ങളേ-യേശുദാസ്.