കൂവോട് പത്തായച്ചിറ അണക്കെട്ട് നവീകരണം പൂര്‍ത്തിയായി –

തളിപ്പറമ്പ്: 69 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പത്തായച്ചിറ അണക്കെട്ട് നവീകരണം പൂര്‍ത്തിയായി.

കുറ്റിക്കോല്‍, കീഴാറ്റൂര്‍, പാറാട് പ്രദേശങ്ങളിലെ കൃഷിഭൂമിയും നൂറുകണക്കിന് വീടുകളിലെ കിണറുകളും ഉപ്പുവെള്ളം കയറുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിനായി 1957-ല്‍ വി.ആര്‍. കൃഷ്ണയ്യര്‍ തറക്കല്ലിട്ട് നിര്‍മ്മിച്ചതാണ് കൂവോട് പത്തായച്ചിറ അണക്കെട്ട്.

കാലപ്പഴക്കം മൂലം 2020ന് ശേഷം അണക്കെട്ടിന് ഉപ്പുവെള്ളം തടയാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു.

ഇതോടെ ഓരോ വര്‍ഷവും മരപ്പലകയും മണ്ണും ഉപയോഗിച്ച് താല്‍ക്കാലിക സംരക്ഷണം നടത്തേണ്ടി വന്നത് നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് അണക്കെട്ടും അതിനോടനുബന്ധിച്ച പാലവും റോഡും ഉള്‍പ്പെടുന്ന സമഗ്ര നവീകരണ പ്രവര്‍ത്തനം നടപ്പാക്കിയത്.

തളിപ്പറമ്പ് എം.എല്‍.എ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് കൂവോട് പത്തായച്ചിറ അണക്കെട്ടും പാലവും പൂര്‍ണതയിലെത്തിച്ചത്.

നവീകരണത്തോടെ ഇനി മരപ്പലകയും മണ്ണും ഉപയോഗിക്കേണ്ട സാഹചര്യമില്ല. ഫൈബര്‍ പലകകള്‍ ഉപയോഗിച്ച് ഉപ്പുവെള്ളം തടയുന്നതിനുള്ള സ്ഥിരമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

പണി പൂര്‍ത്തീകരിച്ച അണക്കെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 58 വിദ്യാര്‍ത്ഥികളും അധ്യാപകരും സന്ദര്‍ശിച്ചു.

അണക്കെട്ടിന്റെ പ്രവര്‍ത്തനം നേരിട്ട് കാണുന്നതിനൊപ്പം തോണിയാത്ര നടത്തുകയും പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുകയും ചെയ്തു.

പഠനപ്രോജക്ടിനായുള്ള വിവരശേഖരണത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. നിരവധിയാളുകള്‍ പ്രകൃതി സുന്ദരമായ ഈ പ്രദേശത്തേക്ക് എത്തുന്നുണ്ട്.