കോരന്‍പീടികയില്‍ അടിപ്പാത വേണം- മുസ്ലിം യൂത്ത്‌ലീഗ് കെ.സുധാകരന്‍ എം.പിക്ക് നിവേദനം നല്‍കി.

പരിയാരം: ദേശീയപാത വികസനം, കോരന്‍പീടികയുടെ വഴിയടയുന്നത് തടയാന്‍ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികള്‍ രംഗത്ത്.

കെ സുധാകരന്‍ എം പിക്ക് യൂത്ത് ലീഗ് നിവേദനം നല്‍കി. ദേശീയപാത വികസനത്തിന്റെ ഭാഗമായി പരിയാരം കോരന്‍പീടികയില്‍ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികള്‍ രംഗത്തിറങ്ങി.

ഇക്കാര്യം ആവശ്യപ്പെട്ട് പരിയാരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എം.പി.കെ.സുധാകരന് നിവേദനം നല്‍കി.

വിവിധ ഉള്‍പ്രദേശങ്ങളിലേക്ക് കടന്നുപോവുന്ന പ്രധാനപ്പെട്ട ഒരു ജംഗ്ഷനാണ് കോരന്‍പീടിക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ജോലിക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി പോകുന്നതിനായി നിരവധി പേര്‍ക്കാണ് റോഡ് മുറിച്ചുകടക്കേണ്ടി വരുന്നത്.

അടിപ്പാത നിര്‍മ്മിച്ചില്ലെങ്കില്‍ വിവിധ ആരാധനാലയങ്ങള്‍, നിരവധി വ്യാപാര സ്ഥാപനങ്ങള്‍, പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍, കൃഷിഭവന്‍,  പ്രൈമറി  ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരത്തെ ബാധിക്കും.

വിശ്വാസികള്‍ക്ക് ആരാധനാലയത്തിലെത്താനും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്ന രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താനും ഹൈസ്‌കൂള്‍ പഠനത്തിനും ഉപരിപഠനത്തിനും മറ്റു പ്രദേശങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് ബസ് കയറാനും ഇറങ്ങാനും പ്രയാസപ്പെടേണ്ടിവരുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

പരിയാരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് പുളുക്കൂല്‍, ജനറല്‍ സെക്രട്ടറി അഷ്‌റഫ് ഇരിങ്ങല്‍, വൈസ് പ്രസിഡന്റ് എം.പി.അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലാണ് കെ സുധാകരന്‍ എം പിക്ക് നിവേദനം നല്‍കിയത്.