കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമന്ദിര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സമ്മേളനം.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമന്ദിര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സമ്മേളനം.
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന് കെഎപി നാലാം ബറ്റാലിയനില്‍ അനുവദിച്ചു കിട്ടിയ സ്ഥലത്ത് എത്രയും പെട്ടെന്ന് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.പി.ഒ.എ)കണ്ണൂര്‍ റൂറല്‍ ജില്ലാ രണ്ടാം സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
താഴെ പറയുന്ന പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് സമ്മേളനം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനോടും ഗവണ്‍മെന്റിനോടും ആവശ്യപ്പെട്ടു.
പോലീസ് ഉദ്യോഗസ്ഥരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും സ്റ്റാറ്റിയൂട്ടറി റിക്കവറി ഒഴിവാക്കിയത് എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
വിഐപി ഡ്യൂട്ടികള്‍ക്ക് നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ വിഐപി വരുന്നതിന് എത്രയോ മണിക്കൂര്‍ മുന്നേ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന അപരിഷ്‌കൃത രീതി ഒഴിവാക്കുക.
തൃശ്ശൂര്‍ പൂരം ഡ്യൂട്ടിക്ക് കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും കണക്കില്‍ അധികം പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി വിളിച്ചുവരുത്തി കൃത്യമായി ഡ്യൂട്ടി പോലും പലര്‍ക്കും ഇല്ലാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരം ഡ്യൂട്ടികള്‍ക്ക് മനുഷ്യവിഭവശേഷി നിയന്ത്രണം ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആധുനിക സംവിധാനത്തിന്റെ സഹായത്തോടെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിക്ക് കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഒഴിവാക്കിക്കൊണ്ട് റെയിഞ്ചിന് കീഴില്‍ വരുന്ന ജില്ലകളില്‍ നിന്നും മാത്രമായി നിജപ്പെടുത്തക.
അടിയന്തിര ഘട്ടങ്ങളിലും അല്ലാതെയും ഉണ്ടാവുന്ന മൊബിലൈസ് എന്ന സംവിധാനം ഡ്യൂട്ടി കഴിഞ്ഞാല്‍ പോലും പിന്‍വലിക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന രീതിക്ക് കാലികമായ മാറ്റങ്ങള്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക.
50 വയസ്സും അതിനു മുകളിലും പ്രായമുള്ള പോലീസ് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച്ച പരേഡില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനും, വെള്ളിയാഴ്ച പരേഡുകള്‍ ഒഴിവാക്കുവാന്‍ പറ്റാത്തഘടകം ആണെങ്കില്‍ രാവിലെ 7 മണി എന്നതു മാറ്റി രാവിലെ 8 മണിയാക്കി മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കുക.
സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലെയും, സബ് ഡിവിഷന്‍ പോലീസ്, ഡി.സി.ആര്‍.ബി, സ്‌പെഷ്യല്‍ ബ്രാഞ്ച്, ജില്ലാ ക്രൈം ബ്രാഞ്ച്, നര്‍ക്കോട്ടിക് സെല്‍ തുടങ്ങിയ സ്‌പെഷ്യല്‍ യൂണിറ്റുകളിലെയും അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.