കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു യുവതീ യുവാക്കളുടെ സന്തോഷമാണ് ചവിട്ടുപടിയെന്ന് ബിഷപ്പ് ഡോ.വടക്കുംതല.

പിലാത്തറ: യുവതീ യുവാക്കള്‍ സന്തോഷത്തോടെയിരിക്കുന്നതാണ് സഭയുടേയും സമൂഹത്തിന്റേയും ചവിട്ടുപടിയെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്‌സ് വടക്കുംതല.

നമ്മുടെയൊക്കെ ജീവന്‍ തുടിച്ചു നില്‍ക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നും കണ്ണൂര്‍ രൂപതയുടെ എക്കാലത്തേയും സ്വപ്നമാണ് യുവജനങ്ങളെന്നും ബിഷപ്പ് പറഞ്ഞു.

കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ അഞ്ച് ദിവസങ്ങളിലായി പിലാത്തറ മേരി മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവന്ന കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.

കെസിബിസി പ്രഖ്യാപിച്ച യുവജന വര്‍ഷാരംഭത്തിന് കൂടിയാണ് കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിവസം ബിഷപ് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

യുവജനവര്‍ഷം ആഹ്വാനം ചെയ്യുന്ന നവീകരണത്തിന്റെ പ്രകാശം രൂപതയുടെ എല്ലാ കോണുകളിലുമുള്ള യുവജനങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കട്ടെ എന്ന ആഹ്വാനത്തോടെ ആറ് ഫെറോനകളില്‍ നിന്നുള്ള യുവജനപ്രതിനിധികള്‍ക്ക് കത്തിച്ച തിരികള്‍ കൈമാറിയാണ് യുവജന വര്‍ഷത്തിന് തുടക്കമായത്.

യുവജനവര്‍ഷ ലോഗോയുടെ പ്രകാശനവും ബിഷപ് നിര്‍വഹിച്ചു. അടുത്ത ഞായറാഴ്ച്ച രൂപതയിലെ എല്ലാ ഇടവകകളിലും യുവജന വര്‍ഷാചരണത്തിന് തുടക്കമാവും. സഭയുടെ കരുത്തായ യുവാക്കള്‍ക്കായാണ് യുവജന വര്‍ഷ ആചരണ ഭാഗമായി ഇത്തവണ ബൈബിള്‍ കണ്‍വെന്‍ഷന്‍ സമര്‍പ്പിച്ചത്.

യുവജന വര്‍ഷാചരണ ഭാഗമായി സഭയുടെ കരുത്തായ യുവാക്കള്‍ക്കായാണ് ഇത്തവണ നടത്തിയ ബെബിള്‍ കണ്‍വെന്‍ഷന്‍ സമര്‍പ്പിച്ചത്.

മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും ബൈബിള്‍ എഴുതി തയ്യാറാക്കിയ റിട്ട കെഎസ്ഇബി ജീവനക്കാരന്‍ പിലാത്തറയിലെ കെ.വിജയകുമാറിന്റെ കയ്യെഴുത്ത് പ്രതിയുടെ പ്രകാശനവും ബിഷപ് നിര്‍വഹിച്ചു.

അഞ്ച് ദിവസങ്ങളിലായി നടന്ന കണ്‍വെന്‍ഷനിലും രോഗശാന്തി ശുശ്രൂഷയിലും കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുത്തു.

പ്രമുഖ വചന പ്രഘോഷകന്‍ സാബു ആറുതൊട്ടിയിലിന്റെ നേതൃത്വത്തിലായിരുന്നു ബൈബിള്‍ കണ്‍വെന്‍ഷന്‍ നടന്നത്. ദിവ്യകാരുണ്യ ആരാധനയോടും പ്രദക്ഷിണത്തോടെയുമാണ് കണ്‍വെന്‍ഷന്‍ സമാപിച്ചത്.