ജീവിതത്തിലെ തിളക്കം നഷ്ടപ്പെടുത്തരുതെന്ന് കണ്ണൂര്‍ ബിഷപ് ഡോ.വടക്കുംതല-കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന് പിലാത്തറയില്‍ തുടക്കമായി.

പിലാത്തറ:വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും തിളക്കവും പ്രകാശവും വെണ്മയും നഷ്ടമാകാതെ സൂക്ഷിക്കണമെന്ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല.

പിലാത്തറ മേരിമാതാ സ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്ണൂര്‍ രൂപത സംഘടിപ്പിക്കുന്ന കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്റെ തുടക്കമായി ബൈബിള്‍ പ്രതിഷ്ഠ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ത്താവിന്റെ പ്രകാശധാരയില്‍ നിറഞ്ഞു നില്‍ക്കേണ്ടവരാണ് നമ്മള്‍. സ്വര്‍ണ്ണംപോലെ തിളങ്ങേണ്ടവരും പ്രകാശിക്കേണ്ടവരുമാണ് സൃഷ്ടിയുടെ കിരീടമായ നമ്മള്‍.

അതിനാല്‍ത്തന്നെ ദൈവത്തിന്റെ പ്രകാശം നമ്മുടെ ഹൃദയത്തിലും മുഖത്തും തിളങ്ങി നില്‍ക്കണം.

പ്രകാശം നഷ്ടപ്പെട്ട അവസ്ഥ നമ്മുടെ ജീവിതത്തിലുണ്ടെങ്കില്‍ കൃപാവരത്തിലൂടേയും ശുദ്ധീകരണത്തിലൂടേയും അത് നേടിയെടുക്കുക എന്ന ലക്ഷ്യമാണ് കൃപാഗ്‌നിയുടേത്.

ദൈവത്തിന്റെ കരങ്ങളിലേക്ക് സമര്‍പ്പിച്ചാല്‍ നമ്മുടെ കുറവുകളും അസ്വസ്ഥതകളും നീക്കി ദൈവം നമ്മെ ശുദ്ധീകരിക്കുമെന്നും മങ്ങിപ്പോയ മുഖങ്ങള്‍ തരിച്ചുപിടിക്കാന്‍ സാധിക്കുമെന്നും ബിഷപ്പ്  വടക്കുംതല പറഞ്ഞു.

ദൈവദാസന്‍ സുക്കോളച്ചന്റെ ജന്മദിനമായ ഇന്ന് പിലാത്തറയില്‍ ആരംഭിച്ച കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഭദ്രദീപം കൊളുത്തി ബിഷപ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍.ക്ലാരന്‍സ് പാലിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പണവും നടന്നു.

കിംഗ് ജീസസ് മിനിസ്ട്രിയിലെ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ പന്ത്രണ്ടുവരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം നാലുവരെയാണ് നടത്തുന്നത്.