കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍(89) നിര്യാതനായി

പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ (89) നിര്യാതനായി.

പാലക്കാട്ടെ വസതിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം.

ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന ഏക മലയാളിയാണ്.

മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു.

കേരളത്തില്‍ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ്, തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിയായിരുന്നു. തൃത്താല,

ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലെത്തി.

1986 മുതല്‍ 2001 വരെയുള്ള ദീര്‍ഘകാലയളവില്‍ യുഡിഎഫ് കണ്‍വീനറായിരുന്നു. സംഘടനാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു.

ഷൊര്‍ണൂര്‍ അണിയത്ത് ശങ്കരന്‍ നായരുടേയും ലക്ഷമിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് ജനിച്ചു.

വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസില്‍ പടിപടിയായി ഉയര്‍ന്നു.

ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി തുടക്കം. പട്ടാമ്പി നിയോജകമണ്ഡലം സെക്രട്ടറിയും തുടര്‍ന്ന് പാലക്കാട് ജില്ലാ

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം 1964ല്‍ പാലക്കാട് ഡിസിസി പ്രസിഡന്റുമായി.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള ജില്ലയില്‍ കോണ്‍ഗ്രസ് വേരോട്ടത്തിനായി ശങ്കരനാരായണന്‍ അക്ഷീണം യത്‌നിച്ചു.

1968ല്‍ 36-ാം വയസ്സില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പദത്തിലെത്തി.

കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടു. അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോള്‍

അതുല്യഘോഷ്, എസ്.കെ.പാട്ടീല്‍, കാമരാജ് എന്നിവരോടൊപ്പം സംഘടനാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതിയംഗമായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തു. അടിയന്തരാവസ്ഥക്കാലത്തു സംഘടനാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന (1971-76)
ശങ്കരനാരായണന്‍ പൊലീസ് അറസ്റ്റിലായി.

പൂജപ്പുര ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു. മാപ്പെഴുതി കൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അന്ന് കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി.

തന്റെ മാനസഗുരു കൂടിയായിരുന്ന കാമരാജിന്റെ സംസ്‌കാരചടങ്ങിന് ജയിലില്‍ നിന്നാണ് ശങ്കരനാരായണന്‍ പോയത്.

1976ല്‍ ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സംഘടനാ കോണ്‍ഗ്രസ്, കോണ്‍ഗ്രസില്‍ ലയിച്ചു.

1977ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ നിന്ന് വിജയിച്ചു. കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷി വകുപ്പു മന്ത്രിയായി.

16 ദിവസം മാത്രമേ സ്ഥാനത്ത് തുടര്‍ന്നുള്ളു (11-4-77 മുതല്‍ 27.4.77 വരെ) രാജന്‍ കേസിനെത്തുടര്‍ന്ന് കരുണാകരന്‍ മന്ത്രിസഭ രാജിവെച്ചു.

തുടര്‍ന്ന് എ കെ ആന്റണി മന്ത്രിസഭയിലും കൃഷിമന്ത്രിയായി (274.77 മുതല്‍ 29.10.78 വരെ). 2001ല്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എ കെ ആന്റണി മന്ത്രിസഭയില്‍ ധനകാര്യ, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തു.

2007ല്‍ നാഗലാന്‍ഡ് ഗവര്‍ണറായി നിയമിതനായി. 2009 ല്‍ ജാര്‍ഖണ്ഡിലും 2010 ല്‍ മഹാരാഷ്ട്രയിലും മാറ്റി നിയമിക്കപ്പെട്ടു.

കാലാവധി തികച്ച ശേഷം 2012ല്‍ മഹാരാഷ്ട്രയില്‍ രണ്ടാമതും നിയമിക്കപ്പെട്ടു.

2014ല്‍ മിസോറമിലേക്ക് മാറ്റപ്പെട്ടതിന് പിന്നാലെ സ്ഥാനം രാജിവെച്ചു. പരേതയായ രാധയാണ് ഭാര്യ. മകള്‍ അനുപമ. മരുമകന്‍ അജിത് ഭാസ്‌കര്‍