കെ.എസ്.സേതുമാധവന്‍-സാഹിത്യകൃതികളേയും എഴുത്തുകാരേയും സ്‌നേഹിച്ച സംവിധായകന്‍-
കെ.എസ്.സേതുമാധവന്‍-സാഹിത്യകൃതികളേയും എഴുത്തുകാരേയും സ്‌നേഹിച്ച സംവിധായകന്‍-
കരിമ്പം.കെ.പി.രാജീവന്‍
ആകെ സംവിധാനം ചെയ്ത 56 മലയാള സിനിമകളില്‍ 33 സിനിമകളും മലയാളത്തിലെ പ്രശസ്തമായ സാഹിത്യ കൃതികളില്‍ നിന്നും, മറ്റ് സിനിമകളിലെല്ലാം പ്രഗല്‍ഭരായ എഴുത്തുകാരെ പങ്കാളികളാക്കി.
ഇത് മലയാളത്തില്‍ കെ.എസ്.സേതുമാധവന് മാത്രം അവകാശപ്പെടാവുന്ന പ്രശസ്തി. ആദ്യം സംവിധാനം ചെയ്ത ജ്ഞാനസുന്ദരി(1961) തന്നെ മുട്ടത്തുവര്‍ക്കിയുടെ പ്രശ്തമായ നേവലായിരുന്നു. മുട്ടത്തുവര്‍ക്കി തന്നെയായിരുന്നു തിരക്കഥയും സംഭാഷണവും. തകഴിയുടെ ഓമനക്കുട്ടന്‍ 1964 ലും അനുഭവങ്ങള്‍ പാളിച്ചകള്‍ 1971 ലും ചുക്ക് 1973 ലും ചലച്ചിത്രമായി.
കേശവദേവിന്റെ ഓടയില്‍നിന്ന് 1965 ലും റൗഡി 1966 ലും ആദ്യത്തെകഥ 1972ലും സേതുമാധവന്‍ ചലച്ചിത്രമാക്കി.
സി.എന്‍.ശ്രീകണ്ഠന്‍നായരുടെ അര്‍ച്ചന(1966), ചെമ്പില്‍ ജോണിന്റെ നാടന്‍പെണ്ണ്(1967), മലയാറ്റൂരിന്റെ യക്ഷി(1968), തോപ്പില്‍ഭാസിയുടെ പ്രശസ്ത നാടകം കൂട്ടുകുടുംബം(1969), പമ്മന്റെ അടിമകള്‍(1969), ചട്ടക്കാരി(1974), കെ.സുരേന്ദ്രന്റെ ദേവി(1972), അയ്യനേത്തിന്റെ വാഴ്‌വേമായം(1970), തെറ്റ്(1971), ഉറൂബിന്റെ മിണ്ടാപ്പെണ്ണ്(1970), പാറപ്പുറത്തിന്റെ അരനാഴികനേരം(1970), പണിതീരാത്തവീട്(1973), വെട്ടൂര്‍ രാമന്‍നായരുടെ ജീവിക്കാന്‍ മറന്നുപോയ സ്ത്രീ(1974), പത്മരാജന്റെ നക്ഷത്രങ്ങളേ കാവല്‍(1978), എം.ടി.യുടെ ഓപ്പോള്‍(1981), സി.എല്‍.ജോസിന്റെ നാടകം അറിയാത്ത വീഥികള്‍(1984), സി.രാധാകൃഷ്ണന്റെ അവിടത്തെപോലെ ഇവിടെയും(1985) എന്നീ രചനകളും അദ്ദേഹം ദൃശ്യവല്‍ക്കരിച്ചു. ഏറ്റവും കൂടുതല്‍ നോവലുകള്‍ മുട്ടത്തുവര്‍ക്കിയുടേതായിരുന്നു. 1961-സ്ഥാനാര്‍ത്ഥി സാറാമ്മ, 1971-ലൈന്‍ബസ്, കരകാണാക്കടല്‍, അഴകുള്ളസെലീന(1973). യുക്തിവാദി നേതാവ് എ.ടി.കോവൂരിന്റെ കേസ് ഡയറിയില്‍ നിന്നുള്ള ഒരു സംഭവമാണ് പുനര്‍ജന്‍മം(1972). കെ.ടി.മുഹമ്മദിന്റെ നാടകങ്ങളായ കണ്ണുംകരളും, അന്ന, കടല്‍പ്പാലം, അമ്മയെന്ന സ്ത്രീ, അച്ഛനും ബാപ്പയും എന്നീ നാടകങ്ങളും സിനിമയായി.
ഒട്ടുമിക്ക സിനിമകള്‍ക്കും തിരക്കഥയും സംഭാഷണവും രചിച്ചത് തോപ്പില്‍ഭാസിയായിരുന്നു. കോട്ടയം കൊലക്കേസ്-ചെമ്പില്‍ ജോണ്‍, കലിയുഗം-മുണ്ടൂര്‍ സേതുമാധവന്‍, കന്യാകുമാരി, വേനല്‍കിനാവുകള്‍-എം.ടി, സുനില്‍ വയസ്-20-സുജാത എന്നിവയാണ് സാഹിത്യത്തിന് പുറത്തുള്ള രചനകള്‍.
അഴകുള്ള സെലീന എന്ന സിനിമയില്‍ അന്നത്തെ ചോക്ലേറ്റ് നായകനായിരുന്ന പ്രേംനസീറിനെ കുഞ്ഞാച്ചന്‍ എന്ന വില്ലന്‍ കഥാപാത്രമായി അവതരിപ്പിക്കാന്‍ സേതുമാധവന്‍ കാണിച്ച ചങ്കൂറ്റം മാത്രം മതി അദ്ദേഹത്തിലെ സംവിധായകന്റെ കരുത്തറിയാന്‍.
തെലുങ്കില്‍ സ്ത്രീ, തമിഴില്‍ നമ്മവര്‍, മറുപക്കം, നിജങ്ങള്‍, പാല്‍മനം എന്നീ സിനിമകളും ഹിന്ദിയില്‍ 1977 ല്‍ യഹി ഹേ സിന്ദഗി(തമിഴ് ചിത്രം കലിയുഗ കര്‍ണ്ണന്റെ റീമേക്ക്), ചട്ടക്കാരിയുടെ റീമേക്കായ ജൂലി എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.