ദിവ്യയ്ക്കെതിരെ സിപിഎം നടപടി ആത്മാര്‍ത്ഥതയില്ലാത്തത്. പ്രചാരണത്തിനു വേണ്ടിയുള്ള നടപടി മാത്രമാണിത്–കെ സുധാകരന്.
തിരുവനന്തപുരം: എഡിഎം നവീന്‍ബാബുവിന്റെ മരണത്തെത്തുടര്‍ന്ന് റിമാന്‍ഡിലായ പി പി ദിവ്യക്കെതിരെ സിപിഎം നടപടിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ദിവ്യയ്ക്കെതിരെ സിപിഎം നടപടി ആത്മാര്‍ത്ഥതയില്ലാത്തത്. പ്രചാരണത്തിനു വേണ്ടിയുള്ള നടപടി മാത്രമാണിത്. നവീന്‍ബാബുവിന്റെ കുടുംബത്തെ തല്ക്കാലം ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നടപടിയെന്നും കെ സുധാകരന് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎം ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. അതല്ലാതെ ഇതിന്റെ പേരില്‍ ദിവ്യക്കെതിരെ യഥാര്‍ത്ഥ നടപടിയിലേക്ക് സിപിഎം പോകില്ല. ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിക്ക് കുറ്റബോധമുണ്ട്. ഇതിന്റെ പേരില്‍ വോട്ടു നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണ് നടപടിക്ക് പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നടപടിയിലെല്ലാം ദിവ്യയ്ക്ക് സിപിഎം ഇളവു നല്‍കുമെന്ന് കെ സുധാകരന് പറഞ്ഞു.
മുമ്പ് ഇതേപോലെ സിപിഎം അച്ചടക്ക നടപടിയെടുത്ത പി ശശി ഇന്ന് അര മുഖ്യമന്ത്രിയാണ്. പി പി ദിവ്യയും ഇതുപോലെ പൂര്‍വാധികം ശക്തിയോടെ അധികാരസ്ഥാനങ്ങളിലേക്ക് തിരിച്ചു വരുമെന്നും കെ സുധാകരന് പറഞ്ഞു. പെട്രോള്‍ പമ്പിന്റെ അനുമതി കിട്ടാന്‍ വൈകിയതുകൊണ്ട്, ലഭിക്കേണ്ടിയിരുന്ന കമ്മീഷന് വൈകിയതിലുള്ള അമര്‍ഷമാണ് യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടെ പ്രവൃത്തിക്ക് കാരണമെന്നും കെ സുധാകരന് ആരോപിച്ചു.
എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി ജയിലിലടച്ച പി പി ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കാനാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ ഇരിണാവ് ബ്രാഞ്ച് കമ്മിറ്റി അംഗമായി തരംതാഴ്ത്തി. സിപിഎംസംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിലപാടാണ് നടപടിക്ക് പിന്നിലെന്നാണ് വിവരം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ദിവ്യയ്ക്കെതിരെ പാര്‍ട്ടി തല നടപടി വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.