101 വര്‍ഷത്തെ ചരിത്രമുള്ള കുളപ്പുറം കമ്പനി ഓര്‍മ്മയിലേക്ക് മറയുന്നു-ഒപ്പം ഒരു കാലഘട്ടവും-
കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: എണ്ണൂറ് ഏക്കര്‍ സ്ഥലം ആയിരത്തിലേറെ തൊഴിലാളികള്‍, നിര്‍മ്മിക്കുന്ന അതിവിശിഷ്ടമായ ഉല്‍പ്പന്നങ്ങളെല്ലാം പോയിരുന്നത് കടല്‍കടന്ന് വിദേശ വിപണിയിലേക്ക്.
1920 ല്‍ സാമുവല്‍ ആറോണ്‍ ആരംഭിച്ച വിളയാങ്കോട് കുളപ്പുറത്തെ എക്‌സല്‍സിയര്‍ വീവിങ്ങ് ആന്റ് സ്പിന്നിങ്ങ് മില്ലിന് പറയാനുള്ളത് 101 വര്‍ഷത്തെ ചരിത്രം.
എണ്ണമറ്റ തൊഴിലാളി സമരങ്ങള്‍ക്ക് വേദിയായ എക്‌സല്‍സിയര്‍ കമ്പനി ഓര്‍മ്മയായി മാറുന്നു.
കമ്യൂണിസ്റ്റ് നേതാക്കളായ കെ.കൃഷ്ണപിള്ളയും എ.കെ.ജിയും ഉള്‍പ്പെടെയുള്ള പ്രമുഖരായ നേതാക്കള്‍ സമരത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന കുളപ്പുറത്തിന്റെ ചരിത്രം ഈ കമ്പനിയുമായി ഇഴചേര്‍ന്നുനില്‍ക്കുന്നതാണ്.
രണ്ട് വര്‍ഷം മുമ്പ് ഒരു കാലത്ത് ആയിരത്തോളം തൊഴിലാളികള്‍ ജോലിചെയ്ത പ്രധാന ഫാക്ടറി സ്ഥലം വാങ്ങിയ സ്വകാര്യവ്യക്തി ഇടിച്ചുനിരത്തിയിരുന്നു.
അവേശേഷിച്ച ചായംമുറി വിഭാഗം ഏതാനും മാസങ്ങള്‍ക്കകം അടച്ചുപൂട്ടുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
800 ഏക്കര്‍ ഭൂമിയാണ് സാമുവല്‍ ആറോണ്‍ അന്ന് ഫാക്ടറിക്കായി വാങ്ങിയത്. മുതലാളിമാര്‍ക്ക് വിശ്രമിക്കാനായി കൂറ്റന്‍ ബംഗഌവും ഫാക്ടറിക്ക് സമീപം പണിതിരുന്നു.
2000ലാണ് എക്‌സല്‍സിയര്‍ കമ്പനി ആറോണ്‍ കുടുംബം പ്രമുഖ ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാതാക്കളായ മാസ്‌ക്കോട്ടിന് കൈമാറിയത്.
ഇപ്പോള്‍ മാസ്‌ക്കോട്ടിന്റെ ഉടമസ്ഥതയില്‍ ചായംമുറി കമ്പനിയും ഏതാനും ഏക്കര്‍ ഭൂമിയും മാത്രമേയുള്ളൂ.
അതും കൈമാറാനുള്ള ഒരുക്കത്തിലാണെന്ന് മാസ്‌ക്കോട്ട് ഉടമ സി.ജയചന്ദ്രന്‍ പറയുന്നു.
അല്‍ഭുതപ്പെടുത്തുന്ന ഡിസൈനുകളിലുള്ള ജക്കോഡ് എന്ന ഇനം തുണിത്തരങ്ങളാണ് എക്‌സല്‍സിയര്‍ കമ്പനിയില്‍ നെയ്‌തെടുത്തിരുന്നത്.
ഇത് മുഴുവന്‍ വിദേശവിപണിയില്‍ മാത്രമായിരുന്നു വില്‍പ്പന. ഇപ്പോള്‍ 6 തൊഴിലാളികള്‍ മാത്രമാണ് ഇവിടെ അവേശഷിക്കുന്നത്.
ചായംമുറി തൊഴിലാളികള്‍ ഏതാനും ദിവസങ്ങളായി വരാത്തതിനാല്‍ സുരക്ഷാ ജീവനക്കാരനായ 75 കാരന്‍ പലേരി വീട്ടില്‍ രാഘവന്‍ മാത്രമാണ് ഇവിടെയുള്ളത്.
1920 ല്‍ ആരംഭിച്ച കമ്പനിയില്‍ ഹാന്റ്‌ലൂം മാത്രമാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്.
1945 ലാണ് പവര്‍ലൂം കൂടി ഇവിടെ ആരംഭിച്ചതെന്ന് ആദ്യകാല തൊഴിലാളിയും യൂണിയന്‍ നേതാവുമായിരുന്ന നെരുവമ്പ്രത്തെ സി.വി.കുഞ്ഞിരാമന്‍ പറയുന്നു.
ഈ കാലഘട്ടത്തിലാണ് ഈ ഭാഗത്ത് 2000 ഏക്കര്‍ ഭൂമി കൂടി സാമുവല്‍ ആറോണ്‍ വാങ്ങിയത്.
പിന്നീട് ഇതില്‍ നിന്നും 350 ഏക്കര്‍ പരിയാരം ടി.ബി.സാനിട്ടോറിയത്തിന് സൗജന്യമായി നല്‍കി. ഈ ഭൂമിയിലാണ് ഇപ്പോള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്.
ആദ്യഘട്ടത്തില്‍ വടകരയില്‍ നിന്നും കോഴിക്കോടുനിന്നും നെയ്ത്തുതൊഴിലാളികളെ കൊണ്ടുവന്നാണ് കമ്പനി പ്രവര്‍ത്തിപ്പിച്ചിരുന്നതെങ്കിലും പിന്നീട് നാട്ടുകാര്‍ക്ക് പരിശീലനം നല്‍കി തൊഴിലാളികളാക്കി മാറ്റി.
സുമിത്രന്‍ ആറോണിന്റെ മകന്‍ വെസ്ലി ആറോണായിരുന്നു കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍.
തൊഴിലാളികളെ ഫാക്ടറി പരിസരത്തുതന്നെ താമസിപ്പിക്കുന്നതിനായി മണ്‍കട്ടകളുപയോഗിച്ച് നിരവധി വീടുകള്‍ ഈ കാലഘട്ടത്തില്‍ കുളപ്പുറത്ത് നിര്‍മ്മിച്ചിരുന്നു.
വളരെ ചിട്ടയോടെ പ്രവര്‍ത്തിച്ചുവന്ന കമ്പനിയുടെ തകര്‍ച്ചയുടെ പ്രധാനകാരണം അമിതമായ സമരവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായിരുന്നു എന്നും വിമര്‍ശനമുണ്ട്.
കുളപ്പുറത്തെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ടെക്‌സ്റ്റൈല്‍ നഗരമായി മാറ്റാന്‍ കഴിയുമായിരുന്ന ഈ സംരംഭം എന്തുകൊണ്ട് ഇല്ലാതായി എന്നത് പഠനവിധേയമാക്കേണ്ട കാര്യമാണ്.
കുളപ്പുറം കമ്പനി എന്നറിയപ്പെട്ടിരുന്ന എക്‌സല്‍സിയര്‍ ഫാക്ടറി എന്ന മാസ്‌ക്കോട്ട് വീവിംങ്ങ് മില്‍സ് ഏതാനും മാസങ്ങള്‍ക്കകം പൂര്‍ണമായി അടച്ചുപൂട്ടുന്നതോടെ അവസാനിക്കുന്നത് ഒരു വലിയ കാലഘട്ടം തന്നെയാണ്.