തളിപ്പറമ്പ്: പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും വികസന സെമിനാര്‍ നടക്കുകയാണ്.
മിക്കവാറും സ്ഥലങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തന്നെയാണ് ഉദ്ഘാടകര്‍.
ചില സ്ഥലങ്ങളില്‍ തദ്ദേശ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരോ എം.എല്‍.എമാരോ ഒക്കെ ഉദ്ഘാടകരാവുന്നുണ്ട്.
എന്നാല്‍ തികച്ചും വ്യത്യസ്തമായി ജീവിച്ചിരിക്കുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ ഉദ്ഘാകരാക്കി മാതൃകയാവുകയാണ് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തും പ്രസിഡന്റ് എസ്.പി.രമേശനും.
കെ.മുഹമ്മദ്കുഞ്ഞി. എന്‍.കെ.ഭാരതി, കെ.യു.ത്രേസ്യാമ്മ, കെ.കൃഷ്ണന്, ഐ.വി. നാരായണന്, വി.എം.സീന എന്നീ ആറ് മുന്‍ പഞ്ചായത്ത്പ്രസിഡന്റുമാര്‍ ചേര്‍ന്നാണ് ഫിബ്രവരി 14 ന് രാവിലെ 10 മണിക്ക് കരിമ്പം ഐ.ടി.കെ. ഹാളില്‍ നടക്കുന്ന വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്.
പരേതരായ എം.എം.കൃഷ്ണന് നമ്പ്യാര്‍, കീറരാമന്‍, സി.ജി.നമ്പ്യാര്‍ എന്നിവര്‍ കൂടി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് പഞ്ചായത്ത് പ്രസിഡന്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ അനുസ്മരിക്കുകയും ചെയ്യുന്നു.
മുന്ഗാമികള്ക്ക് പരിഗണന നല്കി വികസനസെമിനാറിന് തുടക്കം കുറിക്കുന്നത് ഒരു മാതൃകയായി മാറിയിരിക്കയാണ്.
കേരളത്തില്‍ തന്നെ ഇത്തരമൊരു വികസന സെമിനാര്‍ ഉദ്ഘാടനം ആദ്യത്തേതാണെന്നാണ് വിവരം.