റിപ്പര്‍ മോഡല്‍ ആക്രമം-വയോധികയെ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി, കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം മൂന്നരപവന്‍ മാല കവര്‍ന്നു-
തളിപ്പറമ്പ്: വെള്ളംചോദിച്ചെത്തിയ അജ്ഞാതന്‍ വയോധികയെ ചുറ്റികകൊണ്ട് തലക്കടിച്ചുവീഴ്ത്തി, കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം മൂന്നരപവന്റെ സ്വര്‍ണമാല മോഷ്ടിച്ചു.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍വീട്ടില്‍ കാര്‍ത്യായനിക്കാണ്(73) ഗുരുതരമായി പരിക്കേറ്റത്.
മക്കളും മരുമക്കളും ജോലിക്ക് പോയതിനാല്‍ കാര്‍ത്യായനി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
ഉച്ചക്ക് പന്ത്രണ്ടോടെ മരുന്ന് വേണോ എന്ന് ചോദിച്ച് എത്തിയ അജ്ഞാതന്‍ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ വെള്ളം എടുക്കാന്‍ അകത്തേക്ക് നടന്ന കാര്‍ത്യായനിയുടെ തലക്ക് പിറകില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് വീഴ്ത്തുകയായിരുന്നു.
നിലത്ത് വീണ കാര്‍ത്യായനിയെ നാലിടത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തശേഷമാണ് മാല കവര്‍ന്നത്.
മൂന്നരയോടെ റെയില്‍വേയില്‍ ജോലിചെയ്യുന്ന മകന്‍ സജീവനും ഭാര്യ തുളസിയും എത്തിയപ്പോഴാണ് കാര്‍ത്യായനിയെ വീട്ടില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചശേഷം ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു.
മുറിവില്‍ 36 സ്റ്റിച്ചുകളിട്ടിട്ടുണ്ട്.
തളിപ്പറമ്പ് ഐ.പി എ.വി.ദിനേശന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി.
പ്രതിയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സി.സി.ടി.വികള്‍ പോലീസ് പരിശോധിച്ചുതുടങ്ങിയിട്ടുണ്ട്. കൂടാതെ സൈബര്‍സെല്ലിന്റെ സഹായത്തോടെയും പോലീസ് തെരച്ചില്‍ സജീവമാക്കിയിട്ടുണ്ട്.
കാര്‍ത്യായനി ഒറ്റയ്ക്കാണെന്ന് നന്നായി അറിയാവുന്ന ആരോ ആണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
വിവരമറിഞ്ഞ് കുറുമാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍, പഞ്ചായത്തംഗം വി.രമ്യ എന്നിവരും നാട്ടുകാരും വീട്ടിലെത്തിയിരുന്നു.
