യുവ വനിതാ ഡോക്ടറേയും സുഹൃത്തിനേയും ആക്രമിക്കാന്‍ ശ്രമം

.

പിലാത്തറ: ഏഴിമല റെയില്‍വെ സ്‌റ്റേഷനില്‍ യുവ വനിതാ ഡോക്ടറെയും ഒപ്പമുള്ള വനിതയെയും
ഉപദ്രവിക്കാന്‍ സാമൂഹ്യ വിരുദ്ധരുടെ ശ്രമം.

ഡോക്ടറും ഒപ്പമുണ്ടായിരുന്ന യുവതിയും പ്ലാറ്റ്‌ഫോമിലൂടെ ഓടി രക്ഷപ്പെട്ടു.

രാത്രി 8.30 ന് മംഗലാപുരത്തു നിന്നും മലബാര്‍ എക്‌സ്പ്രസിന് വന്നിറങ്ങിയ വനിതാ ഡോക്ടറോടും ഒപ്പമുണ്ടായിരുന്ന യുവതിയോടുമാണ് അശ്ലീല വാക്കുകള്‍ പറഞ്ഞ് പിറകെ വന്ന് അക്രമിക്കാന്‍ ശ്രമിച്ചത്.

ഇരുളില്‍ ഭയപ്പെട്ട് ഇവര്‍ ഓടിയപ്പോള്‍ സംഘത്തിലെ മധ്യ ലഹരിയിലുള്ള  ഒരാള്‍ പുലഭ്യം പറഞ്ഞ് പിന്നാലെ ഓടി. യുവതികള്‍ പ്ലാറ്റ്‌ഫോമിലൂടെ ഓടി റെയില്‍വെ ക്രോസിംഗ് റോഡില്‍ എത്തിയാണ് കാറുമായി എത്തിയ അച്ഛനോടൊപ്പം രക്ഷപ്പെട്ടത്.

പ്ലാറ്റ്‌ഫോമില്‍ കാത്ത് നിന്നിരുന്ന അച്ഛന്‍ മകള്‍ വണ്ടിയിറങ്ങിയ ശേഷം പാര്‍ക്ക് ചെയ്ത കാറെടുക്കാന്‍ പോയ സമയത്താണ് യുവതികള്‍ക്ക് നേരെ ഈ അക്രമശ്രമം.

നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചെളിവെള്ളമടക്കമുള്ളതിനാലാണ് അച്ഛനെകാറിനടുത്തേക്ക് വിട്ട് ഇവര്‍ മറ്റൊരു വഴിയെ പോയത്.

പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരും വെളിച്ചവും കുറവായതിനാല്‍ ഭയന്നോടിയ യുവതികള്‍ക്ക് സഹായത്തിന് ആരുമില്ലാത്ത അവസ്ഥയായി.

അച്ഛന്‍ കാറുമായി റെയില്‍വെ ക്രോസിങ്ങ് റോഡില്‍ എത്തിയപ്പോള്‍ ഭയപ്പെട്ട് യുവതികള്‍ കിതച്ചെത്തുന്നതാണ് കണ്ടത്.